പൂഞ്ഞാർ: സമ്മാനം കൈയിൽ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന കാഴ്ചകൾ സാധാരണം. എന്നാൽ ഉത്രാടപ്പുലരിയിൽ ഷട്ടിൽ ടൂർണമെന്റിലെ ഒന്നാം സമ്മാനമായ ഒരു ചാക്ക് അരി തലച്ചുമട്ടിലേറ്റി വിജയി മടങ്ങിയത് കൗതുകക്കാഴ്ചയായി. ഒരു ഷട്ടിൽ ടൂർണമെന്റിൽ ഒന്നാം സമ്മാനം തലച്ചുമട്ടിലേറ്റി കൊണ്ടുപോകുന്ന കാഴ്ച നാട്ടിൽ ആദ്യമായാണെന്ന് സംഘാടകർ പറഞ്ഞു.
.ജി.വി. രാജ ബാഡ്മിന്റൺ ക്ലബ്ബ്–മോർണിംഗ് ബാച്ചിന്റെ നേതൃത്വത്തിൽ ഉത്രാടനാളിൽ സംഘടിപ്പിച്ച ടൂർണമെന്റിലാണ് കായിക ആവേശത്തിനൊപ്പം നാടൻ തനിമയും സമ്മാനവിതരണത്തിൽ ഇടംപിടിച്ചത്. ഒന്നാം സമ്മാനമായി ഒരു ചാക്ക് അരിയും രണ്ടാം സമ്മാനമായി ഞാലിപ്പൂവൻ വാഴക്കുലയും മൂന്നാം സമ്മാനമായി ഉപ്പേരിയും ശർക്കരവരട്ടിയുമാണ് ഒരുക്കിയിരുന്നത്.
.പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലിന്റ് അരീപ്ലാക്കൽ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
രണ്ട് പൂളുകളിലായി നടന്ന ആവേശകരമായ പോരാട്ടത്തിൽ ഷിഹാബ് രാജീവ് ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി. മത്സരശേഷം ഒരു ചാക്ക് അരി തലച്ചുമട്ടിലേറ്റിയാണ് വിജയി മടങ്ങിയത്. വൈശാഖ് ശ്രീകുമാർ ടീം രണ്ടാം സ്ഥാനം നേടി ഞാലിപ്പൂവൻ വാഴക്കുല സ്വന്തമാക്കി. സാനു പി.ബി.–ജെസ്റ്റിൻ സഖ്യം മൂന്നാം സ്ഥാനം നേടി ഉപ്പേരിയും ശർക്കരവരട്ടിയും കരസ്ഥമാക്കി.
.ട്രോഫിയും മെഡലും സമ്മാനത്തുകയും പതിവായ ടൂർണമെന്റ് സമ്മാനങ്ങളിൽനിന്ന് വ്യത്യസ്തമായി, വിജയികളുടെ വീട്ടിലെത്തുന്ന നാടൻ സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയത്. സമ്മാനത്തിന്റെ വിലയേക്കാൾ അതിലെ നാട്ടിൻപുറത്തനിമയാണ് കാണികളിൽ കൗതുകമുണർത്തിയത്.
.ദിവസവും ഒരേ കോർട്ടിൽ പരിശീലനം നടത്തുന്ന കളിക്കാർ തന്നെ സംഘാടകരായതും ടൂർണമെന്റിന് വേറിട്ട ഭാവം നൽകി. സൗഹൃദവും കൂട്ടായ്മയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച മത്സരത്തിൽ മികച്ച താരം, മികച്ച സർവീസ്, മികച്ച സ്മാഷ്, മികച്ച ഡ്രോപ്പ് ഷോട്ട്, മികച്ച കായികമര്യാദ തുടങ്ങിയ വ്യക്തിഗത പുരസ്കാരങ്ങളും ഏർപ്പെടുത്തിയിരുന്നു.






0 Comments