പാലാ നഗരസഭയിൽ കഴിഞ്ഞ ഏഴ് മാസക്കാലം ഭരിച്ചവരുടെ ഭരണപരാജയങ്ങൾ മറച്ചുവെക്കുന്നതിനാണ് പുതിയ ചെയർപേഴ്സൺ ചുമതലയേറ്റിട്ട് ഒരാഴ്ച പോലും പൂർത്തിയാകുന്നതിന് മുമ്പ് ചിലർ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ് പറഞ്ഞു.
.“ചില കൗൺസിലർമാർ ആർക്കോ വേണ്ടി കഥയറിയാതെ ആട്ടം കാണുകയാണ്. ഈ ആട്ടം കാണൽ ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” രജിത പ്രകാശ് പരിഹസിച്ചു.
തൊഴിലുറപ്പ് പ്രവർത്തകർക്ക് കൂലി ലഭിക്കാതിരുന്നതിന്റെ ഉത്തരവാദിത്വം മുൻ ഭരണസമിതിക്കാണെന്ന് രജിത പ്രകാശ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ പ്രോജക്ടുകൾ സമയബന്ധിതമായി കൗൺസിലിൽ സമർപ്പിച്ച് അംഗീകാരം നേടുകയും ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങുകയും ചെയ്യാത്തതാണ് ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകാൻ കാരണമായത്. മറ്റ് നഗരസഭകൾ നേരത്തെ തന്നെ ആവശ്യമായ അംഗീകാരങ്ങൾ നേടിയിരുന്നു.
.“ഇപ്പോൾ ഞങ്ങൾ ഭരണച്ചുമതല ഏറ്റെടുത്തതിന് ശേഷം ആവശ്യമായ അംഗീകാരങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഉടൻ ഫണ്ട് ലഭ്യമാക്കുകയും തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ ചിലർ എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണ്,” അവർ പറഞ്ഞു.
100 ദിവസം പൂർത്തിയാക്കിയ തൊഴിലുറപ്പ് പ്രവർത്തകർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ഓണ അലവൻസ് സംബന്ധിച്ചും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് രജിത പ്രകാശ് വ്യക്തമാക്കി. സർക്കാർ ഫണ്ട് ലഭ്യമായിട്ടില്ലെങ്കിലും നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ഓണത്തിന് മുമ്പായി അലവൻസ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
.“സ്വന്തം കഴിവുകേട് മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ ഫയലുകൾ പുറത്തെടുത്ത് മറുപടി പറയേണ്ടിവരും,” രജിത പ്രകാശ് മുന്നറിയിപ്പ് നൽകി.
അതേസമയം, നഗരസഭയിലെ കിടപ്പുരോഗികൾക്ക് മുറിവ് കെട്ടുന്നതുൾപ്പെടെയുള്ള പാലിയേറ്റീവ് പരിചരണം നൽകുന്ന നഴ്സിന് എട്ട് മാസമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും രജിത പ്രകാശ് ചൂണ്ടിക്കാട്ടി.
.“പുതിയ ചെയർപേഴ്സൺ ചുമതലയേറ്റ ഉടൻ തന്നെ പാലിയേറ്റീവ് നഴ്സിന്റെ ശമ്പളം കൃത്യമായി നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുകഴിഞ്ഞു. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് പുതിയ ഭരണസമിതി മുൻഗണന നൽകുന്നത്,” രജിത പ്രകാശ് പറഞ്ഞു.






0 Comments