മൂന്നിലവ് ടൗണിൽ നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക് ഡാം പൂർണ്ണമായി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. 2021, 2022 വർഷങ്ങളിലെ പ്രളയത്തിന് പുറമെ 2026 ആഗസ്റ്റ് ഒന്നിനും ടൗണിൽ വീണ്ടും വെള്ളം കയറിയത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
10 അടിയോളം വെള്ളം ഉയരുന്ന സാഹചര്യം മൂലം കടകൾ, വീടുകൾ, പഞ്ചായത്ത് ഓഫീസ്, മാവേലി സ്റ്റോർ, ആയുർവേദ ആശുപത്രി എന്നിവയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. മൈനർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചെക്ക് ഡാം പുഴയിലെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് പ്രധാന കാരണമെന്ന് ആരോപിക്കപ്പെടുന്നു. ശക്തമായ മഴയിൽ മലനിരകളിൽ നിന്നൊഴുകിയെത്തുന്ന കല്ലും മണലും ഡാമിൽ അടിഞ്ഞുകൂടി പുഴയുടെ ഒഴുക്ക് നിലയ്ക്കുകയാണ്.
.അതിനാൽ നിലവിൽ അടിഞ്ഞുകൂടിയ മണൽ അടിയന്തരമായി നീക്കം ചെയ്യണമെന്നും, ജനങ്ങൾക്ക് ഉപദ്രവകരമായ ഈ ചെക്ക് ഡാം ദുരന്തനിവാരണ നിയമപ്രകാരം പൂർണ്ണമായി പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ടോമി ജോൺ കുരിശുംപറമ്പിൽ , ബിജു ജോസഫ് . സിബി ജോൺ പഞ്ചായത്ത് മെമ്പർ ഷെയ്സ് ജോസഫ് എന്നിവർ കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
.





0 Comments