Latest News
Loading...

മോനിപ്പള്ളി വളവിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമൊരുക്കാൻ നടപടി



കിടങ്ങൂർ–അയർക്കുന്നം റോഡിലെ മോനിപ്പള്ളി വളവിൽ വർഷങ്ങളായി യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാഴ്ത്തിയിരുന്ന രൂക്ഷ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമൊരുക്കാൻ നടപടി ആരംഭിച്ചു. റോഡിന്റെ വശത്ത് ശാസ്ത്രീയ രീതിയിൽ ഓടകൾ നിർമിച്ച് മഴവെള്ളം കൊച്ചുതോട്ടിലേക്ക് ഒഴുക്കിവിടുന്ന പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. നേരിയ മഴ പെയ്താൽ പോലും അര കിലോമീറ്ററോളം റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു ഇവിടെ. അശാസ്ത്രീയമായ റോഡ് നിർമാണവും സ്വാഭാവിക തോടുകൾ നികത്തപ്പെട്ടതുമാണ് പ്രശ്നം രൂക്ഷമാകാൻ പ്രധാന കാരണമായത്.



.
മുമ്പ് പ്രദേശത്ത് നിരവധി ചെറുതോടുകളും രണ്ട് കലുങ്കുകളും ഉണ്ടായിരുന്നതിനാൽ മേക്കാട്ട് തോട്, കൊച്ചുപാലം, കടുതോട്, ഇരുട്ടുകുഴി തോട് എന്നിവയിലൂടെ മഴവെള്ളം സുഗമമായി ഒഴുകിപ്പോകുമായിരുന്നു. എന്നാൽ റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ തോടുകൾ നികത്തപ്പെടുകയും കലുങ്കുകൾ ഇല്ലാതാകുകയും ചെയ്തതോടെ വെള്ളക്കെട്ട് പതിവായി.
വെള്ളക്കെട്ട് കാരണം വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളവും മലിനജലവും കാൽനടയാത്രക്കാരുടെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെയും മേൽ തെറിക്കുന്നത് പതിവായിരുന്നു. 


.വളവുള്ള പ്രദേശമായതിനാൽ അപകടസാധ്യതയും വർധിച്ചിരുന്നു.
പുതിയ ഓട നിർമാണം പൂർത്തിയാകുന്നതോടെ മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകുകയും മോനിപ്പള്ളി വളവിലെ ദീർഘകാല വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നും കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് പറഞ്ഞു.



മന്ത്രി മോൻസ് ജോസഫിന്റെ നിർദേശപ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നടപടികൾ ആരംഭിച്ചത്. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബോബി തോമസ്, വൈസ് പ്രസിഡന്റ് നീലകണ്ഠൻ നമ്പൂതിരി, പഞ്ചായത്തംഗം ദീപു തേക്കുംകാട്ടിൽ, സതീഷ് നിലയം, മഹേഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ജോൺ, വി.കെ. സുരേന്ദ്രൻ, പി.ടി. ജോസ്, പരിസ്ഥിതി പ്രവർത്തകൻ രാമചന്ദ്രൻ നായർ, പ്രദേശവാസികൾ എന്നിവർ ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.




Post a Comment

0 Comments