പാലാ: ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് അഞ്ചിന് സമാപിച്ച ലോക ആർണീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച നേട്ടം. നാല് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ 12 മെഡലുകളാണ് കേരള സംഘം നേടിയതെന്ന് കേരള ആർണീസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 73 സ്വർണമുൾപ്പെടെ ആകെ 281 മെഡലുകൾ നേടിയ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യൻമാരായെന്നും ഭാരവാഹികൾ അറിയിച്ചു.
.ഫിലിപ്പീൻസിന്റെ ദേശീയ കായിക വിനോദവും പരമ്പരാഗത ആയോധനകലയുമാണ് ആർണീസ്. ‘ഇസ്ക്രിമ’, ‘കാളി’ എന്നീ പേരുകളിലും ആർണീസ് അറിയപ്പെടുന്നു. ദക്ഷിണേഷ്യൻ ഗെയിംസിലും മത്സര ഇനമായ ആർണീസിൽ ചൂരൽവടി, കത്തി, ബ്ലേഡ് എന്നിവ ഉപയോഗിച്ചുള്ള ആയോധന മുറകളാണ് പ്രധാനമായും ഉൾപ്പെടുന്നത്.
ചാമ്പ്യൻഷിപ്പിന് ശേഷം നാട്ടിലെത്തിയ കേരള ടീം അംഗങ്ങൾക്ക് പാലക്കാട്, കോഴിക്കോട്, കോട്ടയം, കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ കേരള ആർണീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയതായും ഭാരവാഹികൾ പറഞ്ഞു.
.കോട്ടയം സ്വദേശികളായ കെ. വിൻസെന്റ്, അഭിറാം സി.എം., കൊല്ലം സ്വദേശികളായ കൃഷ്ണ എസ്. ഗണേഷ്, അനസ് എ.കെ., കോഴിക്കോട് സ്വദേശികളായ ഹണി തോമസ്, അലൻ സുഭാഷ് എന്നിവരാണ് കേരളത്തിനായി മെഡൽ നേടിയത്. റോബിൻ ഹിലാഗി, ശിവരാമൻ എന്നിവരും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. പാഡഡ് പോയിന്റ്, സിംഗിൾ സ്റ്റിക്ക്, നൈഫ് പോയിന്റ് എന്നീ ഇനങ്ങളിലാണ് കേരള ടീം മത്സരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.
.വാർത്താസമ്മേളനത്തിൽ കേരള ആർണീസ് അസോസിയേഷൻ പ്രസിഡന്റ് വിൻസെന്റ് കെ. (ബ്രഹ്മോദയം കളരി), വൈസ് പ്രസിഡന്റ് റാണി, സെക്രട്ടറി വി.എസ്. സുരേഷ് (എസ്.വി.എസ്. ആയോധനകളരി, മീനച്ചിൽ), ജോയിന്റ് സെക്രട്ടറി ദീപേഷ് കെ.ആർ., ഖജാൻജി കൃഷ്ണപ്രസാദ്, രക്ഷാധികാരി അഡ്വ. ജി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.






0 Comments