ഒരു പ്രളയത്തിൽ തകരുകയും വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം യാഥാർഥ്യമാവുകയും ചെയ്ത  ഇളപ്പുങ്കൽ നടപ്പാലം വീണ്ടും തകർന്നു. മീനച്ചിൽ താലൂക്കിലെ കിഴക്കൻമേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിനെത്തുർന്നുണ്ടായ പ്രളയത്തിലാണ് നടപ്പാലം വീണ്ടും ആറ്റിൽ പതിച്ചത്. 2021 നുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ മധ്യഭാഗം ഒഴുകിപ്പോയത്. നാല് വർഷത്തെ കാത്തിരിപ്പിനും നിവേദനങ്ങൾക്കും ശേഷം 2025 ൽ വീണ്ടും നടപ്പാലം പുനർനിർമിച്ചിരുന്നു. എം.എൽ.എ. ഫണ്ടിൽ നിന്ന് 21 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കിയത്




.പുനർനിർമിച്ച ഭാഗം തന്നെയാണ് വീണ്ടും തകർന്നത്. ഈരാറ്റുപേട്ട നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്റെ മറുകരയെത്താനുള്ള ആശ്രയം വീണ്ടും അടഞ്ഞു. ഇതോടെ പ്രദേശവാസികൾക്ക് മറുകരയെത്തുവാൻ ഈരാറ്റുപേട്ട ടൗണിലൂടെ ഏഴ് കിലോമീറ്റർ അധികം സഞ്ചരിക്കണം.


.