Latest News
Loading...

പാലായില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്




പാലാ നഗരസഭയില്‍ ഒഴിവു വന്ന ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും. രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ പാലാ ഡിഇഒ വരണാദികാരിയാകും. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പാലായില്‍ ആറ് മാസത്തിനുള്ളില്‍തന്നെ ചെയര്‍ പേഴ്‌സണ്‍ മാറിയെന്ന പ്രത്യേകതയുമുണ്ട്. എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്ത ഭരണം യുഡിഎഫിന് 6 മാസത്തിനുള്ളില്‍തന്നെ നഷ്ടമാവുകയായിരുന്നു. 



.കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ മുന്നണിക്കാണ് സാധ്യത തെളിയുന്നത്.  കോണ്‍ഗ്രസ് പുറത്താക്കിയ നാലു കൗണ്‍സിലര്‍മാരും വൈസ് ചെയര്‍പേഴ്‌സനും ഉള്‍പ്പെടുന്നതാണ് പുതിയ മുന്നണി. ഈ മുന്നണിക്ക് പിന്തുണ നല്‍കി ഭരണം നിയന്ത്രിക്കാനാണ് എല്‍.ഡി.എഫ് ശ്രമം. കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടുന്ന എല്‍.ഡി.എഫിന് 12 കൗണ്‍സിലര്‍മാരുടെ പിന്തുണയുണ്ട്. ഇവര്‍ പുതിയ മുന്നണിക്ക് പിന്തുണ നല്‍കുന്നതോടെ 17 അംഗങ്ങളുടെ പിന്തുണയാവും. പുതിയ മുന്നണിയും എല്‍.ഡി.എഫും ഇക്കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് സൂചന. എന്നാല്‍ തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ഔദ്യോഗിക അറിയിപ്പ്.


.യു.ഡി.എഫ്. പക്ഷത്തുനിന്ന് അവിശ്വാസത്തെ പിന്തുണച്ച കൗണ്‍സിലര്‍മാര്‍ക്ക് അധ്യക്ഷ സ്ഥാനം വിട്ടുനല്‍കി ഭരണം നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് ഇടതുപക്ഷം. ഇതനുസരിച്ച് അധ്യക്ഷ സ്ഥാനവും ഉപാധ്യക്ഷ സ്ഥാനവും വിമത കൗണ്‍സിലര്‍മാര്‍ക്ക് വിട്ടുനല്‍കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ നിയന്ത്രണത്തിലാവും ഭരണം. സ്ഥാനങ്ങള്‍ വിട്ടുനല്‍കുമെന്ന് ഇടതുപക്ഷ നേതാക്കള്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫ് പക്ഷത്തുനിന്ന് അവിശ്വാസത്തെ പിന്തുണച്ചവരില്‍ മുതിര്‍ന്ന അംഗങ്ങളായ മായാ രാഹുല്‍, ലിസിക്കുട്ടി മാത്യു എന്നിവര്‍ക്ക് ഓരോ കാലയളവിലേക്ക് അധ്യക്ഷ സ്ഥാനം നല്‍കാനാണ് സാധ്യത. ഉപാധ്യക്ഷ സ്ഥാനം ടോണി തൈപ്പറമ്പിലും ബിജു മാത്യൂസും നിശ്ചിത കാലാവധിയില്‍ പങ്കുവെക്കാനാണ് നീക്കം. ഇടതുപക്ഷത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.


വിപ്പ് ലംഘിച്ചവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിമത കൗണ്‍സിലര്‍മാരുടെ നീക്കത്തിന് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ മൗനാനുവാദമുണ്ട്. മുന്‍ അധ്യക്ഷ ദിയ ബിനുവിനെതിരെ കൗണ്‍സിലര്‍മാര്‍ പരസ്യ പ്രഖ്യാപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പിന്തുണച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. പാര്‍ട്ടി ജില്ല-സംസ്ഥാന നേതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. വിമത കൗണ്‍സിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുന്നതില്‍നിന്ന് ജില്ല നേതൃത്വത്തെ പിന്തിരിപ്പിക്കുവാനും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കന്മാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

പാലാ നഗരസഭയിൽ ആകെ 26 കൗൺസിലർമാരാണ് ഉള്ളത്. പ്രതിപക്ഷത്തുള്ളത് 12 പേര് മാത്രം. അവിശ്വാസം ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷത്തിന് പുറമെ 5 ഭരണപക്ഷ അംഗങ്ങളും ഹാജരായി. കോൺഗ്രസിന്റെ കൗൺസിലർമാരായ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് ലിസി കുട്ടി മാത്യൂസ് എന്നിവരും നിലവിലെ വൈസ് ചെയർപേഴ്സണായ സ്വതന്ത്ര അംഗമായ രാഹുലുമാണ് ഇന്നലെ കൗൺസിൽ യോഗത്തിൽ എത്തിയത്. പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ അവതരിപ്പിച്ച അവിശ്വസ പ്രമേയത്തെ 17 പേരും അനുകൂലിച്ചു വോട്ട് ചെയ്തു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന് ഡിസിസി പ്രസിഡന്റ് കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് നാലുപേർ എത്തിയത്. എന്നാൽ വിപ്പ് കിട്ടിയിട്ടില്ലെന്നാണ് കോൺഗ്രസ്‌ കൗൺസിലർമാരുടെ പ്രതികരണം.

Post a Comment

0 Comments