മണർകാട്–കൂത്താട്ടുകുളം റോഡായ കെ.ആർ. നാരായണൻ സ്മാരക റോഡിലെ അപകടജംഗ്ഷനെന്ന പേരുകേട്ട കടപ്ലാമറ്റം പഞ്ചായത്തിലെ മൂന്നുതോട് ജംഗ്ഷന് ശാപമോക്ഷമാകുന്നു. റോഡിന്റെ ഇരുവശങ്ങളും വീതികൂട്ടി കാഴ്ചമറവ് പൂർണമായും ഒഴിവാക്കി ഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള വികസനപ്രവർത്തനങ്ങൾക്ക് തുടക്കമായി.
നാലു ദിശകളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന മൂന്നുതോട് ജംഗ്ഷനിൽ വർഷങ്ങളായി ഇടുങ്ങിയ റോഡും പരിമിതമായ ദൃശ്യപരിധിയും മൂലം നിരവധി വാഹനാപകടങ്ങൾക്ക് വഴിവെച്ചതുമായ സാഹചര്യമാണുണ്ടായിരുന്നത്. ജംഗ്ഷനോടു ചേർന്ന നാലുവശങ്ങളിലുമുള്ള സ്വകാര്യഭൂമി സ്ഥലുടമകളുടെ സൗജന്യ സഹകരണത്തോടെ ഏറ്റെടുത്തതോടെയാണ് അപകടങ്ങൾക്ക് പ്രധാന കാരണമായിരുന്ന കാഴ്ചമറവിന് ശാശ്വതപരിഹാരമായത്.
ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നാരായണൻ നമ്പൂതിരി (ഓശ്ശേരി ഇല്ലം), മാത്യൂസ് കണിയാംപറമ്പിൽ, മത്തച്ചൻ പറമ്പടത്ത് മാലിൽ, കുര്യൻ മാവേലിൽ എന്നിവർ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി വിട്ടുനൽകി റോഡ് വികസനത്തിന് വഴിയൊരുക്കി.
സ്ഥലുടമകൾക്ക് സംരക്ഷണ മതിലുകൾ നിർമിക്കുന്നതിനും റോഡ് നവീകരണത്തിനുമായി കൂടല്ലൂർ വിങ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധനസമാഹരണവും നടത്തി. ജംഗ്ഷനിലെ തടസ്സമായി നിൽക്കുന്ന വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അംഗം അനുവദിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.
വീതികൂട്ടിയ ജംഗ്ഷന്റെ സമഗ്ര നവീകരണത്തിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് ജംഗ്ഷൻ നവീകരണ പദ്ധതി നടപ്പാക്കുന്നത്.
കാഴ്ചമറവ് നീക്കംചെയ്യുന്നതിനായുള്ള ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബോബി തോമസ്, ബോണി കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി സിബി, ദീപു തേക്കുംകാട്ടിൽ, സതീഷ് ശ്രീനിലയം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.സി. മൈക്കിൾ ചെമ്പകമറ്റം, തോമസ് പുളിക്കയിൽ, പ്രൊഫ്. ഡോ. മേഴ്‌സി ജോൺ, ജോസ് കുടിയംപുരയിടം, ടിന്റു മാവേലിൽ എന്നിവർ പ്രസംഗിച്ചു.




0 Comments