കർക്കിടക മാസത്തിലെ തിരുവോണത്തോടനുബന്ധിച്ച് കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉണ്ണിയൂട്ട് ഭക്തിസാന്ദ്രമായി നടന്നു. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ ഉണ്ണിയൂട്ട് കാണാനും പ്രസാദം സ്വീകരിക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി.
ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടക മാസത്തിലെ തിരുവോണവും പിള്ളേരോണമായി ആചരിക്കുന്ന പതിവാണ് ഇവിടെ നിലനിൽക്കുന്നത്. കുട്ടികൾക്കായുള്ള ഓണാഘോഷം എന്ന നിലയിലാണ് പിള്ളേരോണം അറിയപ്പെടുന്നത്.
.കർക്കിടക വറുതിക്കാലത്തും ഓണസദ്യയെ അനുസ്മരിപ്പിക്കുന്ന വിഭവങ്ങളോടെയുള്ള ഉണ്ണിയൂട്ട് ഈ ആഘോഷത്തിന്റെ പ്രധാന സവിശേഷതയാണ്. വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ഉണ്ണിയൂട്ടിൽ വ്രതശുദ്ധിയോടെ 12 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് ക്ഷേത്രസന്നിധിയിൽ സമർപ്പിച്ച പ്രസാദം ഭക്തിപൂർവം വിളമ്പി. ഓരോ കുട്ടിയെയും ശ്രീകൃഷ്ണസ്വരൂപമായി സങ്കൽപ്പിച്ചാണ് പ്രസാദം വിതരണം ചെയ്യുന്നതെന്നതാണ് ചടങ്ങിന്റെ പ്രത്യേകത.
ഉണ്ണിയൂട്ടിനുശേഷം തിരുവോണമൂട്ട്, കാൽകഴുകിച്ചൂട്ട് എന്നീ ആചാരചടങ്ങുകളും നടന്നു. തുടർന്ന് ഭക്തജനങ്ങൾക്കായി അന്നദാനവും ഒരുക്കിയിരുന്നു. പ്രദേശത്തിന്റെ പാരമ്പര്യവും വിശ്വാസാചാരങ്ങളും വിളിച്ചോതുന്ന ചടങ്ങിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർ പങ്കെടുത്തു.




0 Comments