മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ അവിശ്വാസം ചര്‍ച്ച ചെയ്യാനിരിക്കെ ഇന്ന് രാവിലെ രാജിവെച്ച പ്രസിഡന്റ് സ്വതന്ത്ര അംഗമായ സെനീനാമ്മ കെ.ബി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജി സമര്‍പ്പിച്ചതിന് പിന്നാലെ, കോണ്‍ഗ്രസ് നേതാക്കളെത്തി സെനീനാമ്മയെ ത്രിവര്‍ണഷാള്‍ അണിയിക്കുകയായിരുന്നു. അതേസമയം, ഈ നീക്കം കോണ്‍ഗ്രസിനുള്ളില്‍തന്നെ അനിഷ്ടങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും പറയപ്പെടുന്നു.
.അവിശ്വാസ ചര്‍ച്ചകള്‍ ആരംഭിച്ച സമയത്ത് തന്നെ സെനീനാമ്മയെ സമീപിച്ച് യുഡിഎഫിനൊപ്പം നില്‍ക്കുന്നതിനുള്ള സാധ്യത ആരാഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് യുഡിഎഫിനെ തിരിഞ്ഞുകൊത്തി മറുപക്ഷത്ത് വോട്ട് ചെയ്ത ജോസഫ് ഗ്രൂപ്പ് അംഗത്തെ പഴയ വിഷയങ്ങള്‍ മറന്ന് ഒപ്പംകൂട്ടുകയും ടേം അടിസ്ഥാനത്തില്‍ പ്രസിഡന്റ് സ്ഥാനം അടക്കം വാഗ്ദാനം ചെയ്തുമാണ് 8 അംഗങ്ങളുടെ ഒപ്പോടെ അവിശ്വാസത്തിന് നോട്ടീസ് നല്കിയത്. ഡിസിസി പ്രസിഡന്റ് സാന്നിധ്യത്തില്‍ സ്ഥാനങ്ങളടക്കം സംബന്ധിച്ച് കരാറടക്കം തയാറാക്കിയ ശേഷമാണ് അവിസ്വാസത്തിലേയ്ക്ക് നീങ്ങിയത്.
.അവിശ്വാസ അവതരണത്തിന് 2 നാള്‍ മുന്‍പ് രാജിവെച്ച് മറുകണ്ടം ചാടിയ സ്വതന്ത്ര അംഗത്തിന്റെ ഉദ്ദേശശുദ്ധിയില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്ക് വിശ്വാസമില്ല. ഏതെങ്കിലും പദവി സ്വപ്‌നം കണ്ട് വന്നാല്‍ തരാനൊക്കുകയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. 14-ല്‍ 8 പേരുടെ പിന്തുണ ഇതിനോടകം ഉറപ്പാക്കിയതിനാല്‍ ഇനി ആരുടെയെങ്കിലും വാക്ക് കേട്ട് വരുന്നവരുടെ പിന്തുണ ആവശ്യമില്ലെന്നുമാണ് ഇവരുടെ വാദവും.
.എ, ഐ ഗ്രൂപ്പുകളികളാണ് മൂന്നിലവില്‍ നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ജോയി സ്‌കറിയ ഐ ഗ്രൂപ്പുകാരനാണ്. ജോയിയുടെ നേതൃത്വത്തിലാണ് സെനീനാമ്മയെ സ്വീകരിച്ചത്. പാര്‍ട്ടിയ്ക്ക് അംഗബലം കൂടുന്നത് നല്ലതല്ലേ എന്നാണ് ജോയി സ്‌കറിയ ചോദിക്കുന്നത്. ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റര്‍, ടോമിച്ചന്‍ കുരിശുങ്കല്‍ പറമ്പില്‍, അപ്പച്ചന്‍ മൈലയ്ക്കല്‍, ജോര്‍ജ്ജുകുട്ടി തുടങ്ങിയ നേതാക്കളും സെനീനാമ്മയ്ക്ക് ആശംസകളുമായെത്തിയിരുന്നു.





0 Comments