Latest News
Loading...

'കിസാൻ ഗോഷ്ടി'യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന മേളയും സംഘടിപ്പിച്ചു.



കേരള സർക്കാർ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ (ATMA) 2026-27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ 'കിസാൻ ഗോഷ്ടി'യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന മേളയും സംഘടിപ്പിച്ചു. കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപാടി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ (പാലാ) ബിനി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 



.ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം മേള ഉദ്ഘാടനം ചെയ്തു. ആധുനിക കാർഷിക രീതികൾ സ്വീകരിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയെ കൂടുതൽ ലാഭകരവും സുസ്ഥിരവുമാക്കാൻ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മേളയുടെ ഭാഗമായി കർഷകർക്കായി വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കാർഷിക യന്ത്രവൽക്കരണവും നൂതന ജലസേചന രീതികളും സംബന്ധിച്ച് കോട്ടയം കാർഷിക വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ വിനയ വി.എസ്. ക്ലാസ് നയിച്ചു. വാഴ, പച്ചക്കറി കൃഷിയിലെ ശാസ്ത്രീയ രീതികൾ, കീട-രോഗ നിയന്ത്രണം, ഉൽപ്പാദന വർധന മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഡി.എ.എഫ്. കോഴ അഗ്രികൾച്ചർ ഓഫീസർ ഡോ. അലൻ സി. ആന്റണി വിഷയാവതരണം നടത്തി.



.കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് സംരക്ഷണമൊരുക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള ക്യാമ്പയിനും പരിപാടിയുടെ ഭാഗമായി നടന്നു. കൂടാതെ, കർഷകർ തങ്ങളുടെ അനുഭവങ്ങളും മികച്ച കൃഷിരീതികളും പരസ്പരം പങ്കുവെക്കുന്ന സംവേദന പരിപാടിയും സംഘടിപ്പിച്ചു.

പ്രാദേശിക കർഷകർ ഉൽപ്പാദിപ്പിച്ച കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയുടെ പ്രധാന ആകർഷണമായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിൻസി, അൽഫോൻസ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭരണങ്ങാനം അഗ്രികൾച്ചർ ഓഫീസർ സലീൻ പി.ആർ. നന്ദി രേഖപ്പെടുത്തി.




Post a Comment

0 Comments