Latest News
Loading...

പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വീണ്ടും ഒന്നിച്ച് കത്രിക്കുട്ടി ടീച്ചറും നിഷയും

പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഇന്ന് അത്യപൂർവ്വ കൂടികാഴ്ചക്ക് സാക്ഷ്യം വഹിച്ചു. ഈ സ്കൂളിൽ 90 കളിൽ അധ്യാപികയായിരുന്ന കത്രിക്കുട്ടി ടീച്ചറും വിദ്യാർത്ഥിനിയായിരുന്ന നിഷാ ബിനോയിയുമാണ് സ്കൂൾ സംഘടിപ്പിച്ച ഗുരുദർശനം പരിപാടിയിലൂടെ പരസ്പരം കണ്ടുമുട്ടിയത്.


22 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് തന്റെ പ്രിയപ്പെട്ട കത്രിക്കുട്ടി ടീച്ചറിന്റെ അരികിലിരുന്നപ്പോൾ വിടർന്ന കണ്ണുകളുള്ള ആ പഴയ രണ്ടാം ക്ലാസുകാരിയുടെ പേടിയും കൗതുകവുമായിരുന്നു നിഷയുടെ മുഖത്ത് പ്രകടമായത്. മനസ് നിറയെ സ്നേഹവും, കൈ നിറയെ സമ്മാനവുമായി കടന്നുവന്ന ശിഷ്യയെ കത്രിക്കുട്ടി ടീച്ചർ ചേർത്തുപിടിച്ചു.

തനിക്ക് കത്രിക്കുട്ടി ടീച്ചറിൽ നിന്നും പകർന്നുകിട്ടിയ സ്നേഹാനുഭവം ഇക്കഴിഞ്ഞ അധ്യാപക ദിനത്തിൽ മലയാള മനോരമയുടെ ഗുരുപക്‌തി പേജിലൂടെ നിഷ പങ്ക് വച്ചതോടെയാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ചക്ക് വഴിയൊരുങ്ങിയത്.
നിഷാ ബിനോയിയുടെ ഓർമ്മക്കുറിപ്പ് ശ്രദ്ധയിൽ പെട്ട പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രഥമാധ്യാപകൻ സോണി തോമസിൻ്റെ നേതൃത്വത്തിൽ കത്രിക്കുട്ടി ടീച്ചറിനെയും നിഷാ ബിനോയിയെയും സ്കൂളിലേക്ക് ക്ഷണിക്കുകയായിരുന്നു.


രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന കാലത്ത് ക്ലാസ് അധ്യാപികയുടെ നിർദ്ദേശാനുസരണം ക്ലാസ് മുറിയിലിരുന്ന് പാട്ട് പാടുകയും വരാന്തയിലൂടെ പോയ കത്രിക്കുട്ടി ടീച്ചർ ഗാനം ശ്രദ്ധിക്കുകയും പിന്നീട് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് ചേർത്ത് പിടിച്ച് വീണ്ടുമൊരു പാട്ട് പാടണമെന്ന് ആവശ്യപെടുകയും ചെയ്ത സുന്ദര നിമിഷങ്ങളായിരുന്നു നിഷാ ബിനോയി ഗുരുപംക്തിയിലൂടെ പങ്ക് വച്ചത്. സ്കൂളിലെത്തിയ ഇരുവരെയും സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടി, പി. റ്റി. എ പ്രിസിഡന്റ് ശ്രീ. സജി കദളികാട്ടിൽ, ഹെഡ്മാസ്റ്റർ ശ്രീ.സോണി തോമസ് മറ്റ് അധ്യപക-അനധ്യാപക പ്രതിനിധികളെല്ലാവരും ചേർന്ന് സ്വീകരിച്ചു.

വിദ്യാർത്ഥികൾ ഹർഷാരവത്തോടെയാണ് ഇരുവരുടെയും കൂടി കാഴ്ചയെ വരവേറ്റത്.കുട്ടികളുടെ ആവശ്യപ്രകാരം കത്രിക്കുട്ടി ടീച്ചറിന്റെ കവിതയും, നിഷമോളെ പ്രശസ്തയാക്കിയ കുഞ്ഞികിളിയെ എന്ന പാട്ടും സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ അകത്തളങ്ങളിൽ വീണ്ടും മുഴങ്ങി.ആഹ്ലാദ നിമിഷങ്ങളായിരുന്നുവെങ്കിലും ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. 


ആഹ്ലാദവും, അഭിമാനവും നിറഞ്ഞുനിന്ന ഈ മുഹൂർത്തത്തിൽ വാക്കുകൾ പോലും ഇടമുറിഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഗുരു-ശിഷ്യ സംഗമം അദ്ധ്യാപക-വിദ്യാർത്ഥി ആത്മബന്ധത്തിന്റെ നേർകാഴ്ച്ചകൂടിയായിരുന്നു. വളർന്നു വരുന്നു പുതുതലമുറയ്ക്കും ഗുരുദർശനം പരിപാടി നവ്യാനുഭവായിരുന്നു.കത്രിക്കുട്ടി ടീച്ചർ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. നിഷ ബിസിനസ് രംഗതത്ത് പ്രവർത്തിക്കുന്നു