Latest News
Loading...

റോഡ് ഉപരോധവുമായി കേരളാ കോൺഗ്രസ്സ് (എം)

ഭരണങ്ങാനം: പഞ്ചായത്തിലെ ആലമറ്റം ഭാഗത്ത് പ്രവർത്തിക്കുന്ന പാറമടയിൽ നിന്നും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ടോറസ് ലോറികളിൽ പാറ ഖനനം ചെയ്തുകൊണ്ട് പോവുന്നതിനെതിരെ കേരളാ കോൺഗ്രസ്സ് (എം)ൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ഉള്ളനാട്ടിൽ റോഡ് ഉപരോധിച്ചു. അനുവദനീയമായതിലും അധികം ഭാരം കയറ്റി ടോറസ് ലോറികൾ യാതൊരു നിയന്ത്രണവും പാലിക്കാതെ ഓടുന്നതുമൂലം നായ്ക്കാന പാലത്തിൻ്റെ അടിഭാഗം ഇടിഞ്ഞ് പാലം അപകട സ്ഥിതിയിലാണ്. 


പ്രദേശത്തെ റോഡുകൾ മുഴുവൻ തകർന്ന് ഗതാഗതയോഗ്യമല്ലാതായി. കുടിവെള്ള പദ്ധതിയ്ക്കായി സ്ഥാപിച്ച പൈപ്പുകൾ തകരാറിലായി. ഒരു കക്ഷണം പാറപോലും കടത്തിക്കൊണ്ട് പോവാൻ അനുവദിക്കില്ല എന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകി വോട്ട് നേടിയ എം.എൽ.എയും, യു.ഡി.എഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമതിയും പാറമടലോബിക്ക് ഒത്താശ ചെയ്യുന്ന വഞ്ചനാപരമായ നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് കേരളാ കോൺഗ്രസ്സ് (എം) ആരോപിച്ചു. പാറമട ലൈസൻസിൻ്റെ മറവിൽ നടക്കുന്ന പ്രവർത്തനങ്ങളും, റോഡിൻ്റെ ശോച്യാവസ്ഥയും, ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി കേരളാ കോൺഗ്രസ്സ് (എം) നേതാക്കൾ ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. അതിൻ്റെ തുടർച്ചയായിട്ടാണ് ഉള്ളനാട്ടിൽ റോഡ് ഉപരോധസമരം സംഘടിപ്പിച്ചത്.



മണ്ഡലം പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപരോധസമരം കേരളാ കോൺഗ്രസ്സ് (എം) ജനറൽ സെക്രട്ടറി ഫ്രെഫ. ലോപ്പസ് മാത്യു ഉത്ഘാടനം ചെയ്തു. നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, ജോസ് കല്ലക്കാവുങ്കൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസുകുട്ടി അമ്പലമറ്റം, സുധാ ഷാജി, ഔസേപ്പച്ചൻ കുന്നുംപുറം, ദേവസ്യാച്ചൻ കുന്നക്കാട്ട്, സണ്ണി കലവനാൽ, മാത്യു തറപ്പേൽ, ജ്യോതിഷ് പൂവത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. ഉപരോധസമരത്തിന് ജോണി വടക്കേമുളഞ്ഞനാൽ, ജിമ്മി ചന്ദ്രൻകുന്നേൽ, തോമസുകുട്ടി വരിക്കയിൽ, മാർട്ടിൻ കവിയിൽ, സഖറിയാസ് ഐപ്പൻപറമ്പിക്കുന്നേൽ, ടോമി തുരുത്തിക്കര ,ഷാജി കിഴക്കേക്കര, പി എൻ ഷാജിമോൻ, ടോമി പൊട്ടംപറമ്പിൽ, പാപ്പച്ചൻ ചിറയ്ക്കൽ, തോമസ് കയ്യൂർ, ജോസഫ് കുന്നക്കാട്ട്, സിബി നരിക്കുഴി എന്നിവർ നേതൃത്വം നൽകി.




Post a Comment

0 Comments