Latest News
Loading...

അമ്മമാരെ സ്മാര്‍ട്ടാക്കി വാകക്കാട് അല്‍ഫോന്‍സാ ഹെെസ്കൂളിലെ കുട്ടികള്‍


വീടുകളിൽ ലഭ്യമായ സ്മാർട്ട്ഫോണുകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അമ്മമാര്‍ക്ക് പരിശീലനം കൊടുക്കുന്ന  'അമ്മമാരെ,  ഹൈടെക്കാകാം... സ്മാര്‍ട്ടാകാം...' എന്ന പദ്ധതിക്ക് വാകക്കാട് അല്‍ഫോന്‍സാ ഹെെസ്കൂളിലെ  ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ തുടക്കം കുറിച്ചു.


സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ്  കുടിലി‍ല്‍ അദ്ധ്യഷത വഹിച്ച യോഗത്തില്‍ മാതൃ ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് പ‍ഞ്ചായത്ത് പ്രസിഡന്റ് നിഷ  ബിനു നിര്‍വഹിച്ചു. തദവസരത്തിൽ ഈ വര്‍ഷത്തെ ഒ.എന്‍.വി. യൂത്ത്  അവാര്‍ഡും ആകാശവാണി യുവവാണി അവാർഡും  കരസ്ഥമാക്കിയ അനഘ ജെ. കോലത്ത് മുഖ്യ പ്രഭാഷണം നടത്തി. എം പി റ്റി എ പ്രസിഡന്റ്  ജെയ്മോള്‍ അഭിലാഷ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെസ്സി ബെന്നി, ഹെഡ് മിസ്ട്രസ് സി.റ്റെസ് എന്നിവര്‍ പ്രസംഗിച്ചു.

അമ്മമാരാണ് കുട്ടികളെ ഏറ്റവും അടുത്തറിയുന്നവർ എന്നും കുട്ടികളെ ഏറ്റവും സ്വാധീനിക്കാൻ കഴിയുന്നവരും അമ്മമാർതന്നെയാണെന്നും ഈ കാലഘട്ടത്തിലെ കുട്ടികളുടെ പഠനകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നതിന്  അവരുടെ പഠനരീതികളെക്കുറിച്ചും പുതിയ ഹൈടെക് ക്ലാസ്സ് മുറികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത്  വളരെ  അത്യാവശ്യമാണെന്നും കുട്ടികള്‍ അമ്മമാരെ ബോധ്യപ്പെടുത്തി. 


മാതൃശാക്തീകരണ പരിപാടിയില്‍, ഹൈടെക് ക്ലാസ്സ്മുറിയോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കായി സജ്ജീകരിച്ച റിസോഴ്സ് പോർട്ടലായ സമഗ്ര പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്നും സാമൂഹികമാധ്യമങ്ങൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നും ലിറ്റില്‍ കെെറ്റ്സ് അംഗങ്ങളായ അക്സാ വിന്‍സ്, റിച്ചു ‍ഡാന്റി , നിദിന ദീപു എന്നിവര്‍ മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ ഉപയോഗിച്ച് അമ്മമാര്‍ക്ക് ഹൈടെക്  സെമിനാര്‍ എടുത്തു. 

ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ മനു കെ ജോസ്, ലിറ്റില്‍ കൈറ്റ്സ് മിസ്ട്രസ്സ് ജൂലിയ അഗസ്റ്റിന്‍, സി. ജാസ്മിന്‍, ജോസഫ് സെബാസ്റ്റ്യന്‍, ലിറ്റില്‍ കെെറ്റ്സ് ലീഡര്‍ അപര്‍ണ രവി എന്നിവര്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.