തോട്ടം പുരയിടം പ്രതിസന്ധിക്കു പരിഹരിക്കാൻ അദാലത്ത് വിളിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. തിരുവനന്തപുരത്ത് ഇന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദാലത്ത് വിളിക്കാൻ തീരുമാനമായത്. 1964 നു മുമ്പ് തോട്ടമായിരുന്നവ തോട്ടമായി കാണുകയും 1964-നു ശേഷം തോട്ടമായി മാറിയ പുരയിടങ്ങളെ പുരയിടമായി പുനർനിർണ്ണയിക്കണമെന്ന നിർദ്ദേശം മാണി സി കാപ്പൻ മുന്നോട്ടുവച്ചതിനെ റവന്യൂമന്ത്രി അനുകൂലിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അദാലത്ത് വിളിക്കാൻ ധാരണയായത്. 7-നു കോട്ടയം കളക്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദാലത്ത് നടത്താനുള്ള തിയതി നിശ്ചയിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. കോട്ടയം കളക്ടർ പി കെ സുധീർബാബുവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
മീനച്ചിൽ - കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 40,000ൽ പരം കർഷകകുടുംബങ്ങളെ ബാധിച്ചിരിക്കുന്ന തോട്ടം പുരയിടം പ്രശ്‌നത്തിന് അദാലത്തിൽ പരിഹാരമാകും. പാലാ ഉപ തെരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം ചർച്ചയായിരുന്നു. സർക്കാരുമായി ആലോചിച്ച് വിഷയം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കർഷകർക്ക് മാണി സി കാപ്പൻ എം എൽ എ ഉറപ്പ് നൽകിയിരുന്നു.

