Latest News
Loading...

ഈരാറ്റുപേട്ട നഗരസഭാ മാലിന്യശുചീകരണപ്ലാന്‍റ് ട്രയല്‍ റണ്‍ തുടങ്ങി


ഈരാറ്റുപേട്ടയുടെ ശാപമായി മാറിയ മാലിന്യപ്രശ്നത്തിന് പരിഹാരം തേടി ആരംഭിച്ച മാലിന്യസംസ്കരണപ്ലാന്‍റ് ഒടുവില്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടിയായത്. ഒരാഴ്ചയോളം ട്രയല്‍ റണ്‍ നടത്തിയശേഷം പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. 

നഗരസഭയായി ഉയര്‍ത്തപ്പെട്ട ശേഷം ടി.എം റഷിദിന്‍റെ കാലത്താണ് മാലിന്യനിക്ഷേപ കേന്ദ്രത്തിന് പകരം മാലിന്യസംസ്കരണ പ്ലാന്‍റ് എന്ന ആശയം നടപ്പാക്കിയത്. ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കുകയാണ് പദ്ധതി. പ്ലാന്‍റ് നിര്‍മാണം തുടരുന്നതിനിടെ, ടിഎം റഷീദിന് ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതോടെ നിര്‍മാണം മന്ദഗതിയിലായി, പിന്നീട് മാസങ്ങള്‍ കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും വെള്ളത്തിന്‍റെ ലഭ്യത സംബന്ധിച്ച പ്രശ്നം മൂലം പ്രവര്‍ത്തനം ആരംഭിക്കുന്നത് നീളുകയായിരുന്നു. 


നഗരത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം തേവരുപാറയിലെത്തിച്ച് വേര്‍തിരിച്ച ശേഷം ജൈവമാലിന്യങ്ങള്‍ എയ്റോബിക് ബിന്നുകളില്‍ ഇനോക്കുലവും ചകിരിച്ചോറും ചേര്‍ത്ത് നിക്ഷേപിച്ച് 20 ദിവസം കൊണ്ട് വളമാക്കിയെടുക്കുകയാണ് ചെയ്യുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് ക്ലീന്‍ കേരള കന്പനിയ്ക്ക് കൈമാറും. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ഫീ ഈടാക്കി ഹരിതകര്‍മസേന മാലിന്യശേഖരണവും തുടങ്ങിക്കഴിഞ്ഞു. 

ട്രയല്‍റണ്ണില്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ് നവാസ്, ആരോഗ്യകാര്യ സമിതി ചെയര്‍മാന്‍ പി.എച്ച് ഹസീബ്, മുന്‍ ചെയര്‍മാന്‍ ടി.എം റഷീദ്, വാര്‍ഡ് കൗണ്‍സിലര്‍ ഇസ്മയില്‍ കീഴേടം തുടങ്ങിയവര്‍ സംബന്ധിച്ചു.