Latest News
Loading...

ഹാമര്‍ അപകടം: ജനകീയ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു



പാലാ: മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റിനിടെ അശ്രദ്ധമൂലം ഹാമര്‍കൊണ്ട് പരുക്കേറ്റു വിദ്യാര്‍ത്ഥി മരിക്കാനിടയാക്കിയ സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ നിലപാട് അപലപനീയവും നിന്ദ്യവുമാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ ഉത്തരവാദികളായവരെ രക്ഷിക്കാനുതകുന്ന വിധത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായുള്ള വിവരം പുറത്തുവന്നത് വേദനാജനകമാണ്.

സംഘാടകര്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ നിന്നുള്ളവരായതിനാല്‍ സ്‌പോര്‍ട്‌സ്‌കാര്‍ ഈ അന്വേഷണം നീതിപൂര്‍വ്വമാകില്ലെന്നു പൊതു സമൂഹത്തിന് ആശങ്കയുണ്ട്. ഇതു സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് അപകടത്തിനിടയാക്കിയവരെക്കുറിച്ച് പരാമര്‍ശവും നടപടിയും ഇല്ലാതെയാണെന്നാണ് അറിയുന്നത്. 

ഈ സാഹചര്യത്തില്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ജനകീയ അന്വേഷണ കമ്മീഷനു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ രൂപം നല്‍കി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷനായ അഞ്ചംഗ കമ്മീഷന്‍ അന്വേഷണം നടത്തി നവംബര്‍ 7 ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. അരുണ്‍ കെ, പ്രദീപ്കുമാര്‍ കെ എസ്, സോജന്‍ വര്‍ഗീസ്, എസ് ജയപ്രകാശ് എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍.