Latest News
Loading...

മരുന്നുകൾക്ക് എൻട്രി രജിസ്ട്രേഷൻ നിർബ്ബന്ധമാക്കണം: കെ.പി.പി.എ


 കേരളത്തിലെ പൊതു വിപണ-വിതരണ മേഖലയിൽ വിൽപ്പനയ്ക്കായി എത്തുന്ന മരുന്നുകൾക്ക് എൻട്രി രജിസ്ട്രേഷൻ നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസ്സോസിയേഷൻ (കെ.പി.പി.എ) ജില്ലാ കമ്മിറ്റി സ്പെഷ്യൽ കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നും ദിനംപ്രതി മാർക്കറ്റിൽ എത്തുന്ന മരുന്നുകളെ സംബന്ധിച്ച കാറ്റഗറി പട്ടികയും ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനവും ജീവൻ രക്ഷാ മരുന്നുകളുടെ വിലയെക്കുറിച്ചും മുൻകൂട്ടിയുള്ള ഒരു വിവരശേഖരണവും നടത്താൻ കേരളത്തിലെ ഡ്രഗ് കൺട്രോൾ വകുപ്പിന് കഴിയുന്നില്ല എന്നത് പരമാർത്ഥമാണ്. 

കേരളത്തിലെത്തുന്ന മരുന്നുകളുടെ എൻട്രി രജിസ്ട്രേഷൻ നിർബ്ബന്ധമാക്കുന്നതിലൂടെ മരുന്നു വിപണി വഴി രോഗികളിലെത്തുന്ന മരുന്നിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കണ്ടെത്താനും ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിപണനം തടയാനും സർക്കാരിനും ഡ്രഗ് കൺട്രോൾ വകുപ്പിനും സാധിക്കും. കൂടാതെ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടിയുടെ നിർദ്ദേശാനുസരണം ഇന്ത്യയിൽ ആദ്യമായി അവശ്യമരുന്നുകളുടെ വിലയെ സംബന്ധിച്ച പ്രശ്നങ്ങളും കമ്പനികളുടെ നിയമ ലംഘനങ്ങളും നിരീക്ഷിക്കാനും പരിഹരിക്കുവാനും പി.എം.ആർ.യു. എന്ന സ്ഥിരം സംവിധാനം നടപ്പിലാക്കിയ നമ്മുടെ സംസ്ഥാനത്ത് വിപണിയിലെത്തുന്ന മരുന്നുകളുടെ എൻട്രി രജിസ്ട്രേഷൻ കൂടി നടപ്പിലാക്കിയാൽ അശാസ്ത്രീയമായ ചേരുവകളും വിവിധ രോഗങ്ങൾക്കുള്ള വ്യത്യസ്ത ചേരുവയുള്ള മരുന്നുകൾ പലതും ഒരേ പേരിൽത്തന്നെ പല ബ്രാൻഡുകളും മാർക്കറ്റിലെത്തിക്കുന്ന അപകടകരമായ പ്രവണതകളെ തടയാനും സാധിക്കുമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന സെക്രട്ടറി പി. പ്രവീൺ പറഞ്ഞു.

 ജില്ലാ പ്രസിഡന്റ് ജയറാം സി.എസ്.അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നവജി, റ്റിനി രാജൻ, ഗിരീഷ്, ഹഫിസ്, മിഥുൻ, മോനിഷാ, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.