Latest News
Loading...

പാലാ ഹെഡ്‌പോസ്‌റ്റോഫീസില്‍ നാളെ തപാല്‍മേള



തപാല്‍ വാരാചരണത്തിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ നാളെ രാവിലെ 9  മുതല്‍ വൈകുന്നേരം നാലു വരെ തപാല്‍മേള സംഘടിപ്പിക്കും. സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ആധാര്‍ കാര്‍ഡ് കോപ്പിയും രണ്ടു ഫോട്ടോയും 50 രൂപയും കൊണ്ടുവരണം. എടിഎം കാര്‍ഡും ലഭിക്കും. കോര്‍ ബാങ്കിംഗ് സംവിധാനമുള്ളതിനാല്‍ രാജ്യത്ത് എവിടെനിന്നും പണമിടപാടുകള്‍ നടത്താം. മിനിമം ബാലന്‍സ് അന്‍പത് രൂപ മാത്രം മതി. തപാല്‍ വകുപ്പിന്റെ എടിഎം കൗണ്ടറില്‍ നിന്നും എത്ര തവണ ഇടപാടുകള്‍ നടത്തിയാലും ചാര്‍ജുകള്‍ ഒന്നും ഈടാക്കുന്നതല്ല. മറ്റ് ബാങ്കുകളുടെ എടിഎം കൗണ്ടറില്‍ നിന്നും മാസത്തില്‍ അഞ്ച് ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും. 

ആകര്‍ഷകമായ പലിശനിരക്കുകള്‍ ലഭിക്കുന്ന മറ്റ് ഫിക്‌സഡ് ഡിപ്പോസിറ്റുകളും, ടാക്‌സ് സേവിംഗ്‌സ് അക്കൗണ്ടുകളും അന്നേദിവസം തുടങ്ങുവാന്‍ പ്രത്യേക സൗകര്യം ഒരുക്കും. മാസം ഒരു രൂപ മാത്രം പ്രീമിയം അടച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന പിഎംഎസ്ബിവൈ, 60 വയസു മുതല്‍ പെന്‍ഷന്‍ ലഭിക്കുന്ന അടല്‍ പെന്‍ഷന്‍ യോജന, മറ്റ് ഇന്‍ഷ്വറന്‍സ് സ്‌കീമുകള്‍ എന്നിവ തുടങ്ങുന്നതിനും പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. വ്യക്തികളുടെ ഫോട്ടോ, സ്ഥാപനങ്ങളുടെ ലോഗോ എന്നിവ പതിച്ച തപാല്‍ സ്റ്റാന്പായ മൈ സ്റ്റാന്പ് പദ്ധതി പ്രകാരം മേളയില്‍ സ്റ്റാന്പ് പ്രിന്റ് ചെയ്ത് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് സ്റ്റാന്പ് ശേഖരണത്തിനുള്ള ഫിലാറ്റിലി അക്കൗണ്ടുകളും മേളയില്‍ തുടങ്ങുവാന്‍ സാധിക്കും. കുട്ടികള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുന്ന ഫിലാറ്റിലി ക്ലബുകള്‍ തുടങ്ങുവാന്‍ താത്പര്യമുള്ള സ്‌കൂളുകള്‍ ഹെഡ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകളും മേളയില്‍ തുടങ്ങാവുന്നതാണ്. 

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വന്തമായി ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ എല്ലാവിധ ബാങ്കിംഗ് ഇടപാടുകളും നടത്താം. വൈദ്യുതി ചാര്‍ജ്, വാട്ടര്‍ ചാര്‍ജ്, മൊബൈല്‍, ഡിടിഎച്ച് റീചാര്‍ജ് എന്നിവയെല്ലാം പ്രത്യേക ചാര്‍ജുകള്‍ ഒന്നുംതന്നെ ഇല്ലാതെ ചെയ്യുവാന്‍ സാധിക്കും. ലളിതമായ ഉപയോഗക്രമമായതിനാല്‍ ഏതു പ്രായക്കാര്‍ക്കും അനായാസം കൈകാര്യം ചെയ്യുവാന്‍ സാധിക്കും. ആധാര്‍ നന്പര്‍ ഉപയോഗിച്ച് ഏത് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും പണം ഐപിപിബി വഴി പിന്‍വലിക്കാന്‍ സാധിക്കും. ഫോണ്‍: 04822212239