Latest News
Loading...

പൂഞ്ഞാര്‍ പഞ്ചായത്തില്‍ ഹരിത കർമ്മ സേന പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി


പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമസേന അംഗങ്ങൾ ഗ്രാമ പഞ്ചായത്ത്‌ പടിക്കൽ പ്രതിഷേധ ധർണ നടത്തി. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ലഭിക്കേണ്ട വേതനവും യൂസർ ഫീ ആയി പിരിച്ചെടുത്ത തുകയും പഞ്ചായത്ത്‌ അധികൃതർ തടഞ്ഞു വെച്ചതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.  വേതന കുടിശിക ഉൾപ്പെടെ ലഭിക്കാതെ  സേന അംഗങ്ങൾ ജോലിക്ക് ഇറങ്ങില്ല എന്ന് കാണിച്ചു സെക്രട്ടറിക്ക് നിവേദനം നൽകി.

എല്ലാ വാർഡുകളിലും വീടുകളിൽ സൂക്ഷിച്ചു വയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു പനച്ചിപ്പാറയിലെ സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്ന വനിതാ അംഗങ്ങൾക്ക് പണം ലഭിക്കാത്തത്.  വാർഡ് ഒന്നിന് 2500/ രൂപ വീതമാണ് വാഗ്ദാനം ചെയ്തിരുന്നത്. ആദ്യം രണ്ടു വാർഡിന് ഒരാൾ എന്ന നിലയിൽ ജോലി ചെയ്ത തുകയാണ് തടഞ്ഞു വച്ചിരിക്കുന്നത്.

ഹരിതകര്‍മ സേന മാലിന്യസംഭരണത്തിന് വീടുകളില്‍ നിന്നും 30 രൂപയും ഷോപ്പുകളില്‍ നിന്നും 50 രൂപയുമാണ് പിരിക്കുന്നത് ഈ തുക പഞ്ചായത്തില്‍ ഏല‍്പിച്ച് ബാങ്ക് വഴിയാണ് പണം കൈമാറുന്നത്. ഹരിതകര്‍മസേനയുടെ പ്രസിഡന്‍റും ട്രഷററും ഒപ്പിട്ടാലും പഞ്ചായത്ത് പ്രസിഡന്‍റ് ഒപ്പിട്ട് നല്‍കാത്തതാണ് പ്രതിസന്ധിയ്ക്ക് കാണം. 


എല്ലാ മാസവും 20 മുതല്‍ 29 വരെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതലുള്ള പ്രതിഫലം ഇവര്‍ക്ക് ലഭിക്കാനുണ്ട്. തുക ലഭിച്ചാല്‍ മാത്രമേ നവംബറില്‍ ജോലിയ്ക്ക് ഇറങ്ങൂ എന്ന് പ്രതിഷേധരംഗത്തുള്ളവര്‍ പറഞ്ഞു. നവംബര്‍ 10ന് തുക നല്‍കുമെന്ന് അറിയിച്ചെങ്കിലും പ്രസിഡന്‍റ് ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.