പാതാമ്പുഴ പ്രദേശത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നതിനായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തുണിസഞ്ചികൾ കടകളിൽ വിതരണം ചെയ്തു തുടങ്ങി. മാതൃകാ സഞ്ചികളാണ് ആദ്യഘട്ടമായി നൽകിയത്. അതിനു മുന്നോടിയായി വിദ്യാർത്ഥികൾ കടകളിൽ സർവ്വെ നടത്തി.
ഓരോ ദിവസവും ഓരോ മാസവുമുള്ള പ്ലാസ്റ്റിക് ക്യാരിബാഗ് വിതരണം, തുണിസഞ്ചിയുമായി സാധനങ്ങൾ വാങ്ങാൻ വരുന്ന ഉപഭോക്താക്കളുടെ എണ്ണം, ആളുകളുടെ താൽപര്യം, വ്യാപാരികളുടെ താൽപര്യം തുടങ്ങിയ വിവരങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. വിദ്യാർത്ഥികളും അവരുടെ അമ്മമാരും ചേർന്നാണ് തുണി സഞ്ചികൾ നിർമ്മിക്കുന്നത്.
ആവേശത്തോടെയുള്ള പിന്തുണയാണ് വിദ്യാർത്ഥികളുടെ പരിശ്രമത്തിന് നാട്ടിൽ നിന്ന് ലഭിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി, സ്കൂൾ ലീഡർ അനഘ തോമസ്, വിദ്യാർത്ഥികളായ ഹന്നാ ജോസ്, ഹരികൃഷ്ണൻ എ.എം. എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഫീൽഡ് വർക്കിന് ഇറങ്ങിയത്.



