Latest News
Loading...

അഭീലിന് ആദരാജ്ഞലികളര്‍പ്പിച്ച് പാലായിലെ പൊതുസമൂഹം


ഹാമര്‍ തലയില്‍ പതിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഇന്നലെ മരണടഞ്ഞ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭീല്‍ ജോണ്‍സണ് പാലായുടെ അന്ത്യാജ്ഞലി. ഉച്ചയോടെ പാലായിലെത്തിച്ച മൃതശരീരത്തില്‍ ആദരാജ്ഞലികളര്‍പ്പിക്കാന്‍ സഹപാഠികളും പൗരപ്രമുഖരമടക്കം എത്തി. 



രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം അഭീല്‍ പഠിച്ചിരുന്ന സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ആദ്യം മൃതദേഹമെത്തിച്ചത്.  സഹപാഠിയെ ഒരു നോക്കു കാണാനായി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും എത്തിയിരുന്നു. ഓഡിറ്റോറിയത്തില്‍ അരമണിക്കൂറോളം പൊതുദര്‍ശന ചടങ്ങുകള്‍ നടന്നു. 

ജോസ് കെ മാണി എം.പി, വി.എന്‍ വാസവന്‍, പാലാ രൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ ബര്‍ക്കുമാന്‍സ് കുന്നുംപുറം, മാര്‍ ജേക്കബ് മുരിക്കന്‍, അത് ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികൃതര്‍, പാലാ നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലെത്തി ആദരാജ്ഞലികളര്‍പ്പിച്ചു. 



തുടര്‍ന്ന് അപകടം നടന്ന സ്റ്റേഡിയത്തിന് മുന്നിലെ പ്രധാന ഗേറ്റിലെത്തിച്ച് ഉയരങ്ങളിലെത്താനാഗ്രഹിച്ച അഭീലിന് പ്രിയ സ്റ്റേഡിയത്തോട് വിടപറയാന്‍ അവസരമൊരുക്കി. ഇവിടെയും ഒട്ടേരെ ആളുകള്‍ ആദരാജ്ഞലികളര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം മൂന്നിലവ് ചൊവ്വൂരിലുള്ള വസതിയിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് നാല് മണിയ്ക്ക് ചൊവ്വൂര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ നടക്കും.

വീഡിയോ കാണാം... Click Here