ഈരാറ്റുപേട്ട മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്ത് നിന്നും വി.എം സിറാജിനെ നീക്കി. വി എം സിറാജും ജനപക്ഷാംഗമായ പി.എച്ച് ഹസീബും തമ്മില്‍ നടത്തിയ രഹസ്യ ഫോൺ സംഭാഷണം ചെയർമാൻ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്തായിരുന്നു. ജനപക്ഷം പാർട്ടിയുടെ കൗൺസിലറും പുറംപോക്കിലെ തേക്കിൻ തടി മറിച്ചു വിറ്റ കേസിലെ ആരോപണ വിധേയനുമായ പി.എച്ച് ഹസീബുമായി നടത്തിയ രഹസ്യ ചർച്ചയ്ക്കിടെ തിരഞ്ഞെടുപ്പിൽ സഹായം ചോദിച്ചത് കൂടാതെ സഖ്യകക്ഷിയായ കോൺഗ്രസിനെ തള്ളി പറഞ്ഞതും, കൗൺസിലറായിരിക്കുന്നത് സംഘടന വളർത്താനല്ല എന്ന പരാമർശവും പാർട്ടിയിലും മുന്നണിയിലും വിവാദം സൃഷ്ടിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് മുസ്ലിം ലീഗ് പാർട്ടിയിൽ നിന്നുള്ള നടപടി.
അതേസമയം ജനപക്ഷത്തിന്റെ സഹായം തേടിയിട്ടും സിറാജിന് അവരുടെ പിന്തുണ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നില്ല, മാത്രവുമല്ല ജനപക്ഷവും എസ്ഡിപിഐയും സി.പി.എമ്മിലെ ചില കൗൺസിലർമാരും ചേർന്ന് സി.പി.എം വിമതനായിരുന്ന ടി എം റഷീദിനായിരുന്നു വോട്ട് ചെയ്തത്. എന്നാൽ തെരഞ്ഞെടുപ്പിലെ പിശക് മൂലം ഈ ടേമിലെ നാലാമത്തെ ചെയർമാൻ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.
നാലാമത്തെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പും പാളിയതോടെ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിറാജിന് അവസരം ലഭിക്കാനുള്ള സാധ്യത മങ്ങി. കഴിഞ്ഞ രണ്ട് തവണയും യുഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വി.എം സിറാജായിരുന്നു. സിറാജിനെതിരെ പാര്‍ട്ടിതല അച്ചടക്ക നടപടികളും വന്നേയ്ക്കും.

