കെഎസ്ആര്‍ടിസിയുടെ സര്‍വീസ് പലവിധ കാരണങ്ങള്‍കൊണ്ട് പ്രതിസന്ധികള്‍ നേരിടുമ്പോഴും പാലാ ഡിപ്പോയില്‍ നിന്നും കാഞ്ഞിരമറ്റത്തേയ്ക്കുള്ള സര്‍വ്വീസിന് യാതൊരു തടസ്സങ്ങളുമില്ല. അധികൃതര്‍ക്കൊപ്പം നാട്ടുകാരുടെ സ്‌നേഹവാല്‍സല്യവും ഈ സര്‍വീസിന് അധികം ലഭിക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തിലൊഴികെ ഒരിക്കല്‍പോലും മുടങ്ങാതെ ഈ ബസ് സര്‍വീസ് നടത്തിവരുന്നത് 48 വര്‍ഷത്തിലധികമാണ്.
യാത്രാക്ലേശം രൂക്ഷമായിരുന്ന അരനൂറ്റാണ്ട് മുന്‍പ് കാഞ്ഞിരമറ്റം പള്ളിയിലെ വികാരിയുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ബസ് സര്‍വീസിന് പ്രയത്‌നം തുടങ്ങിയത്. പള്ളി മൈതാനിയില്‍ ബസ് പാര്‍ക്കിംഗിന് സൗകര്യവും ജീവനക്കാര്‍ക്ക് കിടപ്പുസൗകര്യവും തയാറാക്കിയതോടെ ബസ് ഓടിത്തുടങ്ങി. രാത്രി ഒന്‍പതരയ്ക്ക് പാലായില്‍ നിന്നും ലാസ്റ്റ് ട്രിപ്പ് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ അഞ്ചരയ്ക്ക് ആദ്യ ട്രിപ്പ് തുടങ്ങും. സ്വകാര്യ ബസുകള്‍ക്കൊപ്പം ഈ ബസിനെയും യാത്രക്കാര്‍ പരിഗണിക്കുന്നതാണ് ബസ് നിലനില്‍ക്കുന്നതിന്റെ രഹസ്യവും.
അരുണാപുരം, മുത്തോലി, ബ്രില്യന്റ്, മേവട വഴിയാണ് ബസ് കാഞ്ഞിരമറ്റത്തെത്തുക. ദിവസേന ഒന്‍പത് ട്രിപ്പുകളിലായി ശരാശി പതിനായിരം രൂപയാണ് ദിവസവരുമാനം. ആയിരത്തോളം യാത്രക്കാര്‍ ദിവസേന ബസിനെ ആശ്രയിക്കുന്നുണ്ട്. കിടങ്ങൂര്‍ സ്വദേശി ഹരിദാസും രാമപുരം സ്വദേശി സ്റ്റീഫനുമാണ് ഇപ്പോള്‍ പതിവായി ബസിന്റെ വളയം പിടിക്കുന്നത്. രതീഷും രമചന്ദ്രനുമാണ് കണ്ടക്ടര്‍മാര്‍. പതിവായി എത്തുന്ന ഇവര്‍ക്ക് നാട്ടുകാരെയും നല്ല പരിചയം.
ബസിന് സംരക്ഷണമൊരുക്കി ഒരുകൂട്ടം ആരാധകരുമുണ്ട്. സ്റ്റിക്കര്‍ വര്‍ക്കുകള്‍ ചെയ്ത് ബസ് മനോഹരമാക്കിയ ബസില്‍ യാത്രക്കാര്‍ കയറേണ്ട ആവശ്യകതയും പോസ്റ്റര്‍ രൂപത്തില്‍ ഒട്ടിച്ചിട്ടുണ്ട്. ഏതായാലും പലവിധ പ്രതിസന്ധികള്‍ക്കിടയിലും കാഞ്ഞിരമറ്റംകാരുടെ സ്വന്തം ബസായി മാറുകയാണ് RNE-205 എന്ന പാലാ ഡിപ്പോയുടെ വാഹനം.
വീഡിയോ കാണാം... Click Here

