Latest News
Loading...

ഈരാറ്റുപേട്ടയില്‍ അധ്യക്ഷപദവിയിലേയ്ക്ക് തെരഞ്ഞെടുപ്പ് നാളെ



ഈരാറ്റുപേട്ട നഗരസഭയില്‍ നാലാമത്തെ ചെയര്‍മാനെ തേടി തെരഞ്ഞെടുപ്പ് നാളെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടക്കും. ടി.എം റഷീദ്, വി.കെ കബീര്‍ എന്നിവര്‍ക്ക് ശേഷം ചെയര്‍പേഴ്‌സണായ ലൈല പരീത് മിനുട്ടുകള്‍ക്ക് ശേഷം രാജിവെച്ചതോടെ നാലാമത്തെ അധ്യക്ഷനെയാണ് തെരഞ്ഞെടുക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍ തന്നെ തുടരുകയാണ്. 

മുസ്ലീം ലീഗിലെ വി.എം സിറാജാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണയും സിറാജായിരുന്നു സ്ഥാനാര്‍ത്ഥി. അതേസമയം, സിറാജിനോട് വിമുഖത പ്രകടിപ്പിക്കുന്ന എസ്ഡിപിഐ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്ന നിലപാടിലാണ്. ഇതേ കാരണത്താല്‍ എസ്ഡിപിഐ വോട്ട് നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്. എന്നാല്‍ എസ്ഡിപിഐ പിന്തുണ നിഷേധിച്ച് ലൈല പരീത് രാജിവെയ്ക്കുകയായിരുന്നു. 

ഇത്തവണയും ഇതേ അവസ്ഥയുണ്ടായാല്‍ തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലാകും. എസ്ഡിപിഐ വിട്ടുനിന്നാല്‍ മാത്രമേ ചെയര്‍മാന്‍ ഉണ്ടാകൂ എന്നതാണ് അവസ്ഥ. എസ്ഡിപിഐ പിന്തുണയോട് ഇരു മുന്നണികള്‍ക്കും താത്പര്യമില്ല. അതേസമയം വികസനം കാംക്ഷിക്കുന്ന ആര്‍ക്കും വോട്ട് ചെയ്യുമെന്നാണ് എസ്ഡിപിഐ നിലപാട്. 

ലീഗ് 9, എല്‍ഡിഎഫ് 10, കോണ്‍ഗ്രസ് 3, എസ്ഡിപിഐ 4, ജനപക്ഷത്തുനിന്നും വിജയിച്ചവര്‍ 2 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. വി.എം സിറാജ് സ്ഥാനാര്‍ത്ഥിയാകാതെ മാറിനിന്നാല്‍ എസ്ഡിപിഐ വിട്ടുനില്‍ക്കുകയും ലീഗിന് ഭരണം പിടിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യും. എന്നാല്‍ സിറാജിനെ മാറ്റി നിര്‍ത്താന്‍ പ്രാദേശിക ഘടകം ഒരുക്കവുമല്ല.