മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഐക്യരാഷ്ട്രസഭ ദിനാചരണം നടത്തി. ഐക്യരാഷ്ട്ര സംഘടയിലെ 193 രാജ്യങ്ങളുടെ ഔദ്യോഗിക വേഷമണിഞ്ഞു കൊണ്ട് അതാത് രാജ്യങ്ങളുടെ ദേശീയ പതാകകളും ഉയര്‍ത്തി മരങ്ങാട്ടുപിള്ളിയില്‍ കുട്ടികള്‍ നടത്തിയ റാലി വര്‍ണ്ണശബളമായിരുന്നു. ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര റാലി ഫ്‌ളാഗ് ഓഫ് ചെയ്തു, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു, വാര്‍ഡ് മെമ്പര്‍ ജോര്‍ജ് ചെട്ടിയാശ്ശേരില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ലേബര്‍ ഇന്‍ഡ്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ്, മരങ്ങാട്ടുപിള്ളി എ.എസ്.ഐ. ഹരിദാസ്, റസിഡന്റ് പ്രിന്‍സിപ്പല്‍ ഡോ. വിപിന്‍ എസ്, സുനിഷ ആര്‍, അനില മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ മുന്‍ യു.എന്‍. സ്റ്റാഫ് അംഗം  ജോസ് ഉപ്പാംതടം ക്ലാസ് നയിച്ചു. ഐക്യരാഷ്ട്രസഭയുടെ 70 വര്‍ഷങ്ങളിലൂടെയുള്ള ചിത്ര പ്രദര്‍ശനവും ലേബര്‍ ഇന്‍ഡ്യ കണ്‍വെന്‍ഷന്‍ സെന്റില്‍ ഒരുക്കിയിരിന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പ്രവര്‍ത്തനരീതിയും വര്‍ത്തമാനകാല പ്രസക്തിയും പുതുതലമുറയെ ബോധ്യപ്പെടുത്താനാണ് മാതൃകാ യു. എന്‍. നടത്തുന്നത് എന്ന് മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര അറിയിച്ചു.