ളാലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ്ഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ യൂണിറ്റിന്റെ മുന്‍ഭാഗത്ത് കൂടിയിട്ടിരിക്കുകയാണ്. പൊടിച്ച പ്ലാസ്റ്റിക് ഏറ്റെടുക്കാനാളില്ലാതെ വന്നതാണ് തിരിച്ചടിയായത് .
2017-18 ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു മുത്തോലി ഗ്രാമപഞ്ചായത്ത് നെല്ലിയാനിയില്‍ ഷെഡിംഗ് യൂണിറ്റ് ആരംഭിച്ചത്. ളാലം ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തിലെ ഓരോ വീടുകളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരും ഹരിത കര്‍മ്മ സേനയും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഷ്‌റെഡിംഗ് യൂണിറ്റിലെത്തിച്ച് പൊടിച്ച് ടാര്‍ കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു ലക്ഷ്യം. കൊച്ചിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനമായി ഇത് സംബന്ധിച്ച് കരാറും ഉണ്ടാക്കിയിരുന്നു.
ഏറെനാള്‍ കുഴപ്പങ്ങള്‍ ഇല്ലാതെ യൂണിറ്റ് പ്രവര്‍ത്തിച്ചെങ്കിലും കഴിഞ്ഞ കുറച്ച് നാളുകമായി യൂണിറ്റ് പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. പൊടിക്കുന്ന പ്ലാസ്റ്റിക്കിന് മതിയായ വിപണി കണ്ടെത്താന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. ടാര്‍ കമ്പനികള്‍ പൊടിച്ച പ്ലാസ്റ്റിക് ഇപ്പോള്‍ എടുക്കുന്നില്ല. ഇതോടെ യുണിറ്റിന്റെ പ്രവര്‍ത്തന്നും നിലക്കുകയായിരുന്നു. 4000ത്തോളം കിലോ പൊടിച്ച പ്ലാസ്റ്റിക്, യൂണിറ്റില്‍ കെട്ടിക്കിടപ്പുണ്ട്.
മാസങ്ങളായി യൂണിറ്റ് തുറക്കുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. ബില്‍ കുടിശിഖയായതോടെ യൂണിറ്റിലെ വൈദ്യുത കണക്ഷനുo വിഛേദിച്ചു. എന്നാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചത് താല്ക്കാലികം മാത്രമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 16 തിയതി ക്ലീന്‍ കേരളയുമായി കരാറിലേര്‍പ്പെടും. പിന്നിട് ക്ലീന്‍ കേരളയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് പൊടിച്ച് വില്ക്കമെന്നം ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.



