ജലസംരക്ഷണ സന്ദേശവുമായി 'ഉറവകൾക്കായ്' എന്ന ഡോക്യുമെന്ററി ഫിലിം തയ്യാറാക്കി ശ്രദ്ധേയരാവുകയാണ് പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ കുരുന്നുകൾ. സ്കൂളിലെ അന്റോണിയൻ ജലശ്രീ ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സ് ഐ.റ്റി. ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ പിന്തുണയോടെയാണ് ഫിലിം തയ്യാറാക്കിയിരിക്കുന്നത്.
മഴക്കാലത്തും വേനൽക്കാലത്തുമുള്ള മീനച്ചിലാറിന്റെ വിവിധ ഭാവങ്ങൾ, മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടികളും അധ്യാപകരും ചേർന്ന് ചിത്രീകരിച്ചത്. ജലം പാഴാകാതെ സംരക്ഷിക്കുവാനുള്ള മാർഗ്ഗങ്ങളും, മഴവെള്ളത്തെ മണ്ണിലേക്കിറക്കി ഉറവകളാക്കി മാറ്റുവാനുള്ള വിദ്യകളും ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നുണ്ട്. കേരള സർക്കാരിന്റെ ജലനിധി പ്രോജക്ടിന്റെ ധനസഹായത്തോടെ നിർമ്മിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ആശയവും ആവിഷ്കാരവും നിർവ്വഹിച്ചിരിക്കുന്നത് സ്കൂളിലെ അധ്യാപകനും അന്റോണിയന്‍ ക്ലബ്ബ് കോ-ഓർഡിനേറ്ററുമായ ടോണി തോമസ് പുതിയാപറമ്പിലാണ്.
പരിസ്ഥിതി പ്രവർത്തകർക്കായി നടത്തിയ ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദർശനം പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ 'ഇനി വരുന്നൊരു തലമുറക്ക്..' എന്ന കവിത കുട്ടികൾ വേദിയിൽ ആലപിച്ചു. പരിസ്ഥിതി പ്രവർത്തകൻ എബി പൂണ്ടിക്കുളം, ഹെഡ്മാസ്റ്റർ ജോസ് ജോർജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ ടോം കെ.എ., ജോബിൻ കുരുവിള, മെറീന എബ്രാഹം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

