പാലാ: അത്‌ലറ്റിക് മീറ്റിനിടെ വിദ്യാര്‍ത്ഥിക്കുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അത്‌ലറ്റിക് അസോസിയേഷനു മാറി നില്‍ക്കാനാവില്ലെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പറഞ്ഞു. അപകടകാരണം കുട്ടിയുടെ അശ്രദ്ധയാണെന്നു അസോസിയേഷന്റെ പ്രസ്താവന ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വോളന്റിയറായി മീറ്റിന് കൊണ്ടുപോയതെന്ന് സംഘാടകര്‍ വ്യക്തമാക്കണം. വോളന്റിയറായി നില്‍ക്കാന്‍ എന്തു പരിശീലനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ളത്. ജാവലിനും ഹാമര്‍ത്രോയും തൊട്ടടുത്ത് നടത്തിയതാണ് അപകടകാരണം. ഇതിന്റെ ഉത്തവാദിത്വം അസോസിയേഷനു മാത്രമാണ്. ജില്ലാ അത്‌ലറ്റിക് അസോസിയേഷനു നിരവധി ഒഫീഷ്യല്‍സ് ഉണ്ടായിട്ടും വിദ്യാര്‍ത്ഥികളെ ചുമതല ഏല്‍പ്പിച്ചത് എന്തിനാണെന്നു വിശദീകരിക്കണം.
വിദ്യാര്‍ത്ഥികളെ ഇത്തരം മീറ്റുകളില്‍ വോളന്റര്‍മാരാക്കാന്‍ അനുവദിക്കരുതെന്ന് ഫൗണ്ടേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അപകത്തില്‍പ്പെട്ട അഫീല്‍ ജോണ്‍സന്റെ ചികിത്സാ ചെലവും നഷ്ടപരിഹാരവും അത് ലറ്റിക് അസോസിയേഷന്‍ നല്‍കണം. ഇതിന് അടിയന്തിര നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധം നടത്താനും ഫൗണ്ടേഷന്‍ തീരുമാനിച്ചു.
ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, അനൂപ് ചെറിയാന്‍, സോണി ഫിലിപ്പ്, സാംജി പഴേപറമ്പില്‍, അമല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


