Latest News
Loading...

മണിക്കുട്ടന് ചികിത്സക്ക് പണം വേണം; സുമനസ്സുകളുടെ സഹായം തേടുന്നു.


രാമപുരം കൊണ്ടാട് മുക്കാനെല്ലിയേൽ (മുട്ടത്തടത്തിൽ) മണിക്കുട്ടന് (മണി) ജീവിക്കുവാൻ ആഗ്രഹമുണ്ട് പക്ഷേ ചികിത്സയ്ക്കായി പണമില്ല. 50 വയസ്സുള്ള മണിക്കുട്ടന് മൂന്ന് വർഷത്തിലധികമായി വൃക്ക രോഗം ബാധിച്ച് അവശനിലയിലായിട്ട്. അന്നു മുതൽ എല്ലാ ആഴ്ചയിലും രണ്ട് തവണ ഡയാലിസീസ് ചെയ്തു വരികയാണ്. രണ്ട് വൃക്കയുടേയും പ്രവർത്തനം ഏതാണ്ട് നിലച്ച അവസ്ഥയാണിപ്പോൾ. ഇനി വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലാ എന്നാണ് മണിക്കുട്ടനെ ചികിത്സിക്കുന്ന ഈരാറ്റുപേട്ട റിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. 

വൃക്ക മാറ്റിവയ്ക്കണമെങ്കിൽ പതിനഞ്ച് ലക്ഷത്തോളം രൂപ ചിലവ് വരും. ഇപ്പോൾ മരുന്നിനും ഡയാലിസീസിനും മറ്റുമായി ഒരു മാസം ഇരുപത്തി അയ്യായിരം രൂപയോളം ചിലവാകും. മുൻപ് ചെറിയ രീതിയിൽ തടിക്കച്ചവടം നടത്തിവന്നിരുന്ന മണിക്കുട്ടന് ആകെ പതിമൂന്ന് സെന്റ് സ്ഥലം മാത്രമാണുണ്ടായിരുന്നത്. അതിൽ അഞ്ച് സെന്റ് സ്ഥലം ചികിത്സ നടത്തുവാൻ വിൽക്കേണ്ടി വന്നു. ഇപ്പോൾ ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്താലാണ് ഇവിടംവരെ കഴിഞ്ഞു വന്നത്. ഭാര്യയായ സതി എപ്പോഴും പരിചരണവുമായി മണിക്കുട്ട നോടൊപ്പം കൂടെയുണ്ട്. 

മണിക്കുട്ടൻ- സതി ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമാണുള്ളത്. അസുഖം വരുന്നതിന് മുമ്പുതന്നെ മകളായ അപർണ്ണയെ കെട്ടിച്ചയച്ചിരുന്നു. മകൻ അരുൺ ഇടയ്ക്കോലി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന സമയത്താണ് മണിക്കുട്ടന് അസുഖം പിടിപെട്ടത്. ചികിത്സയ്ക്കായി അരുണിന് പഠിപ്പ് നിർത്തേണ്ടതായി വന്നു. അരുണിപ്പോൾ കൊണ്ടാട്ടിലുള്ള ഒരു കോൺട്രാക്ടറുടെ കീഴിൽ വയറിംഗ് ജോലി ചെയ്ത് വരികയാണ്. ഇതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് വീട്ടിലെ അന്നന്നുള്ള ചിലവ് നടന്നു പോകുന്നത്. 

മണിക്കുട്ടന്റെ ഒപ്പറേഷന് തുക കണ്ടെത്തുന്നതിനായി സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് മണിക്കുട്ടന്റെ പേരിൽ എസ്.ബി.ഐ.ചക്കാമ്പുഴ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67248971778, IFSC കോഡ് SBlN0070501