ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പാലാ ജനറല്‍ ആശുപത്രിക്കും, സിവില്‍ സ്‌റ്റേഷനു മുന്നിലെ റൗണ്ടാനയ്ക്കും അന്തരിച്ച മുന്‍ മന്ത്രി കെ.എം. മാണിയുടെ പേരിടാന്‍ വോട്ടെടുപ്പോടെ പാലാ നഗരസഭാ യോഗം തീരുമാനിച്ചു. ആകെ പങ്കെടുത്ത 21 കൗണ്‍സിലര്‍മാരില്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ 15 പേര്‍ മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ പ്രൊഫ. സതീഷ് ചൊള്ളാനിയും ലിസ്യൂ ജോസും ഈ തീരുമാനത്തെ അനുകൂലിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച മിനി പ്രിന്‍സ് കെ.എം. മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷത്തു ഹാജരായിരുന്ന 4 പേരും ബി.ജെ.പി. പ്രതിനിധിയും വോട്ടിംഗില്‍ പങ്കെടുത്തില്ല.
ജനറല്‍ ആശുപത്രിക്കും, സിവില്‍ സ്‌റ്റേഷന്‍ റൗണ്ടാനയ്ക്കും സ്വാതന്ത്യ സമര സേനാനിയായിരുന്ന പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടണമെന്ന അഭിപ്രായം കോണ്‍ഗ്രസ് അംഗങ്ങളും, മഹാകവി പാലാ നാരായണന്‍ നായരുടെ പേര് നേരത്തേ തന്നെ സിവില്‍ സ്റ്റേഷന്‍ റൗണ്ടാനയ്ക്കായി തീരുമാനിച്ചിരുന്നൂവെന്ന് പ്രതിപക്ഷത്തെ റോയി ഫ്രാന്‍സീസും ചൂണ്ടിക്കാണിച്ചതോടെയാണ് പേരിടീല്‍ തീരുമാനം തര്‍ക്കത്തില്‍ കുടുങ്ങിയത്.
കെ.എം. മാണിയുടെ പേരിടുന്ന കാര്യത്തില്‍ ഭരണപക്ഷത്തെ ചേരിപ്പോരുകളും അഭിപ്രായ ഭിന്നതകളും വ്യക്തമായിരുന്നു. എല്ലാവരുമായും സമന്വയമുണ്ടാക്കി ഐകകണ്‌ഠ്യേന പേരിടീല്‍ തീരുമാനം എടുപ്പിക്കുന്നതില്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ പരാജയപ്പെട്ടതായി വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പറഞ്ഞു.
വീഡിയോ കാണാം... Click Here

