കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
അടിയന്തര ഘട്ടത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിനം ആരംഭിച്ചു.
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്നാണ് മഴ ശക്തമായത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഓരോ നിമിഷവും നിരീക്ഷിക്കുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ അംഗനവാടികളിൽ പോഷകാഹാര ആഹാര വിതരണം ഉണ്ടാകും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യവും, കനത്ത മഴ പെയ്യുന്നതും കണക്കിലെടുത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി /ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.

