മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലോക നദീദിനാചരണത്തിന്റെ ഭാഗമായി പുഴ പറയും കഥ അറിയാൻ എന്ന പേരിൽ പുഴപഠന - നിരീക്ഷണ - പുനരുജ്ജീവന പരിപാടി സംഘടിപ്പിച്ചു. പാതാമ്പുഴ തോടിന്റെ പരിസരങ്ങൾ ശുചീകരണം നടത്തിയ വിദ്യാർത്ഥികൾ തോട്ടിലെ മത്സ്യങ്ങളോട് സംസാരിച്ചും കല്ല് പിരമിഡുകൾ നിർമ്മിച്ചും 'കല്ലിട്ടാംകുഴി ഏതേത് കായംകുളത്തെ തെക്കേത് കല്ലിട്ടാൽ ആരെടുക്കും തന്നേക്കാളും മൂത്തോര് ' എന്ന് പാടി കല്ലുകൾ കയത്തിലെറിഞ്ഞും പരമ്പരാഗതമായ പുഴക്കളികളിൽ ഏർപ്പെട്ടു.
തോട്ടിൽ ഓളം വെട്ടിച്ച് കുട്ടികൾ പാട്ടിന്റെ താളമിട്ടത് ശ്രദ്ധേയമായി. പുഴ സംരക്ഷണം ഏറ്റെടുത്ത് പ്രതിജ്ഞചൊല്ലി 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ... ? ' എന്ന് പാടി പരിപാടികൾ അവസാനിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി, അദ്ധ്യാപക പ്രതിനിധി മഞ്ജു തോമസ്, വിദ്യാർത്ഥി പ്രതിനിധി അനഘാ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും മീനച്ചിലാർ കാവൽമാടം പ്രവർത്തകരുടെയും പിന്തുണയോടെയാണ് വിദ്യാർത്ഥികൾ ' പുഴ പറയും കഥ അറിയാൻ' ഇറങ്ങിയത്. ഈ പ്രവർത്തനം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.



