പാലാ: ഷിബു ബേബി ജോണിന്റെ ആരോപണം അടിസ്ഥാനരഹിതവും ഇലക്ഷൻ സ്റ്റണ്ടും ആണെന്ന് നിയുക്ത പാലാ എം എൽ എ മാണി സി കാപ്പൻ പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം പാലാ ഉപതെരഞ്ഞെടുപ്പിൽ ഉന്നയിച്ചില്ലെന്നു കാപ്പൻ ചോദിച്ചു.
മേഘാലയായിൽ തനിക്കുണ്ടായിരുന്ന സ്ഥലത്തിന് പുറമേ കൂടുതൽ സ്ഥലം വാങ്ങി പാർട്ടിനറാകാൻ ദിനേശ് മേനോൻ എന്നയാൾ സന്നദ്ധത പ്രകടിപ്പിക്കുകയും ഇതു സംബന്ധിച്ചു കരാറിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനായി അഡ്വാൻസ് ഒരു കോടി 85 ലക്ഷം രൂപ നൽകിയിരുന്നു. പിന്നീട് കച്ചവടം നടക്കാതെ പോയി. പലിശ സഹിതം മൂന്നരക്കോടി രൂപ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 25 ലക്ഷം തിരികെ നൽകി. ബാക്കി തുകയ്ക്ക് ചെക്കു നൽകി. സാമ്പത്തിക പ്രതിസന്ധിമൂലം തുക നൽകാനായില്ല. ഇതിനെതിരെ ദിനേശ് മേനോൻ മുംബൈ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇക്കാര്യം തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിബിഐയിൽ നിന്നാണെന്നു പറഞ്ഞ് തന്നെ നിയമവിരുദ്ധമായി ഫോൺ ചെയ്ത എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ സി ബി ഐയ്ക്ക് പരാതി നൽകുകയും ഫോൺ കോളുകൾ പരിശോധിച്ച ശേഷം ആ ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഇവരെ ഒഴിവാക്കി കോടിയേരിയെയും മകനെയും ഉൾപ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളത്.
തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണ് പ്രചരിപ്പിക്കുന്നത്. അടിസ്ഥാന രഹിതമായ ഇക്കാര്യം സൃഹൃത്തുകൂടിയായ ഷിബു ബേബി ജോൺ ഉന്നയിച്ചത് ഖേദകരമാണ്. അദ്ദേഹത്തെ ഫോണിൽ വിളിച്ചു കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അസത്യ പ്രചാരണം നടത്തുന്നത് പൊതു പ്രവർത്തകർക്കു ഭൂഷണമല്ല. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മാണി സി കാപ്പൻ അറിയിച്ചു.

