Latest News
Loading...

പാലാ കായികമേള, പ്രതിഷേധവുമായി സംഘടനകള്‍, സംഘാടകര്‍ക്കെതിരെ നടപടിയ്ക്ക് നഗരസഭ




ജൂണിയര്‍ അറ്റ്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍കൊണ്ട് വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റതിന് പിന്നാലെ കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കായികമേള നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഇന്നുചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ അധ്യക്ഷ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ഡിഒയും സ്‌റ്റേഡിയത്തില്‍ പരിശോധന നടത്തി. 

സംഘാടകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കായികമേള നടത്തിപ്പില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. രാവിലെ ആര്‍ഡിഒ അനില്‍ ഉമ്മന്‍ അടക്കമുള്ളവര്‍ സ്‌റ്റേഡിയത്തിലെത്തി. പ്രാഥമിക വിവിരങ്ങള്‍ ശേഖരിക്കുകയാണെന്നും നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. ഇതേ സമയംതന്നെ മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സംഘാടകരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച് പ്രകടനം നടത്തി.




അതിനിടെ, നഗരസഭാ ഹാളില്‍ കൗണ്‍സില്‍ യോഗത്തിനിടയിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി മുദ്രാവാക്യം മുഴക്കി. ചെയര്‍പേഴ്‌സണ്‍ അത്‌ലറ്റിക് അസോസിയേഷന്് എല്ലാ അനുവാദവും പിന്‍വാതിലിലൂടെ നല്‍കുകയും പിന്നീട് നാടകം കളിക്കുകയുമാണെന്ന് ഡിവൈഎഫ്‌ഐ  ആരോപിച്ചു. ഇതിനിടെ പോലീസും സ്ഥലത്തെത്തി. പോലീസ് സമരക്കാരെ നീക്കുന്നതിനിടയില്‍ പോലീസുമായി വാക്കുതര്‍ക്കവുമുണ്ടായി. ഒടുവില്‍ പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.

കൗണ്‍സില്‍ യോഗത്തിലാണ് കായികമേളയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും അതിക്രമിച്ച് കയറിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചത്. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സാമ്പത്തികസഹായം അനുവദിക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍ ഇത്തരത്തില്‍ സാഹായം അനുവദിക്കാന്‍ വകുപ്പില്ലെന്ന് കൗണ്‍സിലര്‍ ടോണി തോട്ടം പറഞ്ഞു.  അനധികൃതമായി നടന്ന ഈ കായീകമേള യുടെ സംഘാടകരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണമെന്നും 3 ലക്ഷം രൂപായെങ്കിലും നഷ്ടപരിഹാരം കൊടുക്കണമെന്നും ബിജെപി അംഗം ബിനു പുളിക്കക്കണ്ടം പറഞ്ഞപ്പോൾ ബിജു പാലൂപ്പടവൻ അതിനെ തിരുത്തി നഷ്ടപരിഹാരം 5 ലക്ഷം ആകണമെന്ന് നിര്ദ്ദേശിച്ചു. ഇവിടെ കായീക അധ്യാപകർ തന്നെയാണ് കുറ്റക്കാർ .അതുകൊണ്ടു നിയമങ്ങളെല്ലാം നഗരസഭയ്ക്ക് കീഴിലാക്കണമെന്ന് ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു.


എന്നാല്‍ നഗരസഭാ അറിയാതെയാണ് മേള നടത്തിയതെന്ന് ചെയര്‍പേഴ്‌സണ്‍ പറയമ്പോഴും വെള്ളിയാഴ്ച നടന്ന ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ചത് ചെയര്‍പേഴ്‌സണ്‍ തന്നെയായിരുന്നു. സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന പക്ഷം ചെയര്‍പേഴ്‌സണ്‍ തന്നെ പ്രതിയാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വീഡിയോ കാണാം... Click Here