Latest News
Loading...

നഗരസഭയില്‍ നാടകീയ സംഭവങ്ങള്‍; വരണാധികാരിയെ ഭീഷണിപ്പെടുത്തി


വന്‍ പോലീസ് സന്നാഹത്തോടെ നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനിടെ ഈരാറ്റുപേട്ടയില്‍ നാടകീയ സംഭവങ്ങള്‍. ചട്ടം മനസിലാക്കാതെ പോയ വരണാധികാരെയ ഒരു വിഭാഗം ഭീഷണിപ്പെടുത്തിയപ്പോള്‍ കൂടുതല്‍ വോട്ട് നേടിയ ടി.എം.ആറിന് നേരെ കയ്യേറ്റശ്രമവും ഉണ്ടായി. പോലീസ് ഇടപെടലിനെ തുടര്‍ന്നാണ് ടിഎം റഷീദ് രക്ഷപെട്ടത്. 


മൂന്ന് പേര്‍ മല്‍സരരംഗത്തു വന്നാല്‍ ആദ്യമെത്തിയ ആളിന് മറ്റ് രണ്ട് പേരേക്കാള്‍ ഒരു വോട്ട് കൂടുതല്‍ വേണമെന്നാണ് ചട്ടം. ഇത് മനസിലാക്കാതെ വരണാധികാരി ടി.എം റഷീദിനെ വിജയിച്ചതായി ആദ്യം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് യുഡിഎഫ് നിയമപ്രശ്നം ഉന്നയിച്ചത്. ഇതേ കുറിച്ച് പഠിച്ച വരണാധികാരി തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് മാര്‍ഗമെങ്കിലും ഇതിനകം കൗണ്‍സിലര്‍മാരില്‍ പലരും പോയിക്കഴിഞ്ഞിരുന്നു.


അതിനിടെ, വോട്ടെടുപ്പ് നടത്താതെ താന്‍ ഇവിടുന്ന പോകില്ലെന്ന് പി.എച്ച് ഹസീബ് വരണാധികാരിയെ ഭീഷണിപ്പെടുത്തി. ഹസീബിന്‍റെ വോട്ട് തെരഞ്ഞെടുപ്പില്‍ അസാധുവാകുകയും ചെയ്തിരുന്നു. എന്നാല്‍ അംഗങ്ങള്‍ പോയതിനാല്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് യു.ഡി.എഫ് വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് വരണാധികാരി മറ്റൊരു ദിവസം ഇലക്ഷന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 


പുറത്തിറങ്ങിയ ടി.എം റഷീദിന് നേരെ ഇടതുപ്രവര്‍ത്തകര്‍ പാഞ്ഞടുത്തു. അസഭ്യംവിളികളോടെയായിരുന്നു പ്രവര്‍ത്തകരെത്തിയത്. ടി.എം റഷീദിന് വോട്ടുചെയ്ത ഇടത് വനിതാകൗണ്‍സിലര്‍മാര്‍ നേരത്തെ സ്ഥലം കാലിയാക്കുകയും ചെയ്തിരുന്നു. അതിനിടെ, വരണാധികാരിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി.എം റഷീദ് വ്യക്തമാക്കി.