Latest News
Loading...

പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി ഏഴാംക്ളാസ് വിദ്യാര്‍ത്ഥിനി അനഘ



നാട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാൻ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ലീഡറും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ അനഘാ തോമസ് പാതാമ്പുഴ അംഗൻവാടി ഹാളിൽ വിളിച്ചുചേർത്ത യോഗം ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ ഉൾപ്പെടെയുള്ളവരെയാണ് യോഗത്തിലേയ്ക്ക് കത്ത് നൽകി അനഘ ക്ഷണിച്ചത്. 

വാർഡ് മെമ്പർമാരായ മിനിമോൾ ബിജു, ബീനാ ബെന്നി, അംഗൻവാടി വർക്കർ മിനിമോൾ ഒ.സി., തുടർ വിദ്യാകേന്ദ്രം പ്രേരക് ഏലിക്കുട്ടി വി.എം., ആശാ പ്രവർത്തക സാലി മോനച്ചൻ, ഹരിത കർമ്മസേന അംഗങ്ങളായ സിന്ധു ബിജു, ഷൈനി ബേബി, പാതാമ്പുഴ പബ്ലിക് ലൈബ്രറി ജോ. സെക്രട്ടറി പ്രസന്നകുമാർ, പി.റ്റി.എ പ്രസിഡന്റ് ബിനോയി കുന്നുംപുറത്ത്, വ്യാപാരി പ്രതിനിധികളായ കുട്ടപ്പി അമ്പഴത്തുങ്കൽ , ജോജി ഐക്കരക്കുന്നേൽ, ജോയ്സ് കളപ്പുര, കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി ഓമന തങ്കപ്പൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിന്‍സ് മേരി, ഭൂമിക സാറ്റലൈറ്റ് സെന്റർ പ്രതിനിധി ലിസി സോണി, മീനച്ചിലാർ കാവൽമാടം പ്രവർത്തകർ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ മോഹനൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ എന്നിവർ ഫോണിൽ ആശംസ അറിയിച്ചു. 

നവംബർ മാസം മുഴുവൻ നീളുന്ന ബോധവൽക്കരണ പരിപാടികളും ഡിസംബർ ഒന്നാം തിയതി മുതൽ ഉപയോഗിക്കാൻ കഴിയും വിധം തുണിസഞ്ചികളുടെ വിതരണവും ഉൾപ്പെടെയുള്ള കർമ്മപരിപാടികൾക്ക് യോഗം രൂപം നൽകി. യോഗത്തിന് മുന്നോടിയായി അനഘാ തോമസ് ഉദ്ദേശലക്ഷ്യങ്ങളും ചർച്ചയ്ക്കുള്ള ആശയങ്ങളും അവതരിപ്പിച്ചു. ഗുണമേന്മയുള്ള ജീവിതപരിസരങ്ങൾ ഞങ്ങളുടെ അവകാശമാണെന്നും അതിനെ പൊതു സമൂഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആമുഖമായി അനഘ പറഞ്ഞു. 


സ്കൂളിൽ ഒരു മാസമായി വിദ്യാർത്ഥികളും അദ്ധ്യാപകരും പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം വേണ്ടെന്നുവച്ചതും കടലാസ് പേനകൾ നിർമ്മിക്കുന്നതും അനഘ ഓർമ്മിപ്പിച്ചു. അമ്മമാരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ തുണി സഞ്ചികളുടെ മാതൃകകളും അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരള മിഷന്റെയും ഹരിത കർമ്മസേനയുടെയും കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണ തന്റെ ആശയങ്ങൾക്ക് നേടിയെടുക്കാൻ അനഘയ്ക്ക് കഴിഞ്ഞു. പ്രവർത്തനവിജയത്തിനായി തുടർയോഗങ്ങൾ നടക്കും.