പാലാ: പാലായിൽ അത് ലറ്റിക് മീറ്റിനിടെ ഹാമർ കൊണ്ടു പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന അഫീൽ ജോൺസന്റെ അകാല നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു. സ്പോർട്സിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അഭീൽ പാലായിൽ എത്താൻ ഇടയാക്കിയതെന്ന് കാപ്പൻ അനുസ്മരിച്ചു. ഫുട്ബോൾ കളിയിലെ മികവിന്റെ അടിസ്ഥാനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് സ്കോർലൈൻ പരിശീലന ക്യാമ്പിലേയ്ക്ക് അഭീൽ തെരഞ്ഞെടുക്കപ്പെട്ടിരുന്ന കാര്യവും എം എൽ എ ചൂണ്ടിക്കാട്ടി.
അഭീലിന്റെ കുടുംബത്തിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കും. നഗരസഭ അനുവദിച്ച അഞ്ച് ലക്ഷം, അത് ലറ്റിക് അസോസിയേഷന്റെ അഞ്ച് ലക്ഷം എന്നിവയ്ക്കു പുറമേ സംസ്ഥാന സർക്കാരിന്റെ സഹായവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
ഭാവിയിൽ കായിക മത്സരങ്ങൾ നടത്തുമ്പോൾ അപകട ഇനങ്ങളായ ഹാമർ, ജാവലിൻ, ഡിസ്ക്കസ്, ഷോട്ട്പുട്ട് എന്നിവ ഒരേ സമയം നടത്തരുതെന്ന് മാണി സി കാപ്പൻ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ മാറ്റങ്ങൾ ചട്ടങ്ങളിൽ കൊണ്ടുവരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അഭീൽ അപകടത്തിൽ പെട്ടതറിഞ്ഞ് ഓടി എത്തുകയും മെഡിക്കൽ കോളജിൽ ചെന്ന് അടിയന്തിര വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തത് മാണി സി കാപ്പനായിരുന്നു. അഭീലിന്റെ ആരോഗ്യനിലയെക്കുറിച്ചു നിരന്തരം അന്വേഷിക്കാനും എം എൽ എ ശ്രദ്ധ ചൊലുത്തിയിരുന്നു

