ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ കായികമേളയ്ക്കിടെ അപകടമുണ്ടായ വിവരം അറിയുമ്പോൾ മാണി സി കാപ്പൻ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം മതിയാക്കി നേരെ സ്റ്റേഡിയത്തിലെത്തിയപ്പോഴേയ്ക്കും പരുക്കുപറ്റിയ വിദ്യാർത്ഥിയെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫോണിൽ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പരുക്ക് ഗുരുതരമാണെന്നറിഞ്ഞ് അവിടേയ്ക്ക് കുതിച്ചു.
പാലാ താലൂക്ക് ഗവൺമെന്റാശുപത്രിയിൽ നിന്നും കൂടുതൽ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേയ്ക്ക് കുട്ടിയെ മാറ്റണം. അതിനായി വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രികളുമായി എം എൽ എ ഫോണിൽ ബന്ധപ്പെട്ടു. വെന്റിലേറ്റർ ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. മെഡിക്കൽ കോളജിലും ഒഴിവില്ലെന്ന മറുപടി ലഭിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിൽ ഒരു വെന്റിലേറ്റർ ഒഴിവുണ്ടെന്നറിഞ്ഞതിനെ തുടർന്ന് സ്വന്തം കാറിൽ ആംബുലൻസിനു മുമ്പേ കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് പാഞ്ഞു.
മെഡിക്കൽ കോളജിൽ എം എൽ എ നേരിട്ടെത്തിയതോടെ നടപടി വേഗത്തിലായി. ആംബുലൻസിൽ പരുക്കേറ്റ കുട്ടിയെ എത്തിക്കും മുമ്പേ വെന്റിലേറ്ററടക്കമുള്ള സൗകര്യങ്ങൾ മാണി സി കാപ്പൻ നേരിട്ടിടപെട്ട് ഏർപ്പാടാക്കി. അപ്പോഴേയ്ക്കും വിദഗ്ദ ഡോക്ടർമാരുടെ സംഘവും തയ്യാറായി നിന്നു. പരുക്കേറ്റ കുട്ടിയെയും കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളജിന്റെ കവാടം കടക്കുമ്പോൾ ചികിത്സയ്ക്കായുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിരുന്നു. തുടർന്ന് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഏറ്റവും മികച്ച ചികിത്സ ഉറപ്പു വരുത്തിയ ശേഷമാണ് മാണി സി കാപ്പൻ പാലായ്ക്ക് തിരിച്ചത്.
ജനപ്രതിനിധിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും തന്റെ കടമ നിർവ്വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇതേക്കുറിച്ച് മാണി സി കാപ്പൻ പ്രതികരിച്ചത്.

