Latest News
Loading...

കുന്നോന്നി റോഡിലെ കുഴിയടച്ച് അധികൃതര്‍



ടാറിംഗ് നടത്തി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന കുന്നോന്നി റോഡിനെതിരെ പ്രതിഷേധം ശക്തമായതോടെ  അധികാരികളുടെ കണ്ണ് തുറന്നു. ഇന്ന് രാവിലെ മുതല്‍ റോഡിലെ കുഴികൾ അടയ്ക്കുവാനുള്ള നടപടികള്‍ തുടങ്ങി. കുഴിയിലെ മണ്ണും ചെളിയും നീക്കം ചെയ്ത് ടാറും മെറ്റലുമുപയോഗിച്ചാണ് കുഴിയടയ്ക്കല്‍. അതേസമയം മുന്‍പും രണ്ട് തവണ കുഴിയടച്ചതിന്‍റെ ഓര്‍മകളുള്ള നാട്ടുകാര്‍ക്ക് ഈ കുഴിയടയ്ക്കലിലും അത്ര വിശ്വാസമില്ല. 




റോഡ് തകര്‍ന്നതിനെതിരെ ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.ജോമോന്‍ ഐക്കര, എം.എല്‍.എയ്ക്കും മകനും റോഡ് നിര്‍മാണത്തിലെ അപാകതകളില്‍ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. 



ഗാരന്‍റിയോട് കൂടിയാണ് റോഡ് നിര്‍മിച്ചത്. അതിനാല്‍ കരാറുകാരന് തന്നെ റോഡ് തകര്‍ന്നാല്‍ നന്നാക്കാനുള്ള ഉത്തരവാദിത്വവും ഉണ്ട്. റോഡിന് പല ഭാഗത്തും നിര്‍മാണത്തിലെ അപാകതകളുണ്ടെന്ന ആക്ഷേപവും നില്‍നില്‍ക്കുകയാണ്. ഏതായാലും തങ്ങള്‍ പ്രതിഷേധം നടത്തിയത് ഫലം കണ്ടുവെന്നാണ് കോണ്‍ഗ്രസിന്‍റെ പക്ഷം. അതേസമയം,  റോഡ് പണിയിലെ അഴിമതി വെളിച്ചത്ത് കൊണ്ടുവരണമെന്നും റീടാറിംഗ് നടത്തണമെന്നുള്ള ആവശ്യവുമായി ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്യം നല്കുമെന്നും നേതാക്കള്‍ പറഞ്ഞു.