രാമപുരം ടൗണിന് സമീപം ഇന്ന് വൈകുന്നേരം നാല് മണിയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപകനാശം. വ്യാപകമായ കൃഷിനാശവുമുണ്ടായി. രാമപുരം പള്ളിമൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേയ്ക്ക് മരം ഒടിഞ്ഞുവീണ് വാഹനം പൂര്‍ണമായും തകര്‍ന്നു.
ഈരാറ്റുപേട്ട മറ്റക്കാട്ട് നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. പള്ളിമൈതാനത്ത് കച്ചവടത്തിനായി എത്തിയതായിരുന്നു നൗഷാദ്. തിരുനാളിനോട് അനുബന്ധിച്ച് പള്ളിമുറ്റത്തുണ്ടായിരുന്ന നിരവധി വാണിഭക്കടകള്‍ക്ക് നഷ്മുണ്ടായി. കുര്യനാട് കോലത്താംകുന്ന മോഹനന്റെ കട പൂര്‍ണമായും നിലംപൊത്തി. നിരവധി കച്ചവടസാധനങ്ങള്‍ കാറ്റില്‍ പറന്നുപോവുകയും വെള്ളത്തില്‍ ഒലിച്ചുപോവുകയും ചെയ്തു.
മരങ്ങാട്ട് റൂട്ടില്‍ പുളിക്കല്‍ കുര്യന്റെ വീടിന്റെ മുകളിലേയ്ക്ക് തേക്ക് ഒടിഞ്ഞുവീണു. പാലാ ഫയര്‍ഫോഴ്‌സെത്തിയാണ് മരം വെട്ടിമാറ്റിയത്. ചോലിക്കര പി.എ മാത്യുവിന്റെ വീടിനു് മുകളിലേയ്ക്ക് പ്ലാവാണ് ഒടിഞ്ഞുവീണത്. പൂങ്കാവഴില്‍ പി.ജെ ജോസഫിറെ വീടിന് മുകളില്‍ റബര്‍മരം ഒടിഞ്ഞുവീണും നാശമുണ്ടായി. മധുരം മച്ചേരില്‍ ആന്‍ഡ്രൂസിന്റെ വീടിന് മുകളിലേയ്ക്ക് തേക്കുമരം കടപുഴകി വീണു. ഇവിടെയും ഫയര്‍ഫോഴ്‌സാണ് മരം വെട്ടിമാറ്റിയത്.
സംഭവസമയത്ത് പള്ളിമുറ്റത്തുണ്ടായിരുന്ന മുല്ലമറ്റം സ്വദേശി കുന്നത്തേല്‍ അന്നമ്മയ്ക്ക് പരിക്കേറ്റു. അന്നമ്മയെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോലിക്കര ജോസഫിന്റെ പുരയിടത്തിലെ തേക്കുമരം ഒടിഞ്ഞ് വീണ് 11 കെവി ലൈനില്‍ വീണതോടെ പ്രദേശത്തെ വൈദ്യുതിബന്ധവും തകരാറിലാണ്.





