Latest News
Loading...

പനച്ചികപ്പാറയില്‍ സീബ്രാലൈനുകള്‍ പൊടിപോലുമില്ല


സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് രാവിലെയും വൈകുന്നേരവും നിറയുന്ന പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍  റോഡിലെ സീബ്രാലൈനുകള്‍ മാഞ്ഞുതീര്‍ന്നിട്ട് മാസങ്ങള്‍ പിന്നിടുന്നു. എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ 100 കണക്കിന് കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമുള്ള മേഖലയില്‍ പ്രധാനപാതയില്‍ വഴി കുറുകെ കടക്കാന്‍ മാര്‍ഗമില്ലാത്തത് അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്. 

പൂഞ്ഞാര്‍ എസ്എംവി സ്കൂളിന്‍റെ രണ്ട് ഗേറ്റുകളും അഭിമുഖമായി വരുന്നത് ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയാണ്. ഈ രണ്ടിടങ്ങളിലും മുന്‍പുണ്ടായിരുന്ന സീബ്രാലൈനുകളുടെ പൊടിപോലുമില്ല. പ്രധാന ഗേറ്റിന് മുന്നിലുണ്ടായിരുന്ന ബസ് സ്റ്റോപ്പ് ഗതാഗതക്കുരുക്കും അപകടസാധ്യതയും പരിഗണിച്ച് പിന്നോട്ട് മാറ്റിയിരുന്നു. ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോകേണ്ട കുട്ടികള്‍ സീബ്രാവരകളില്ലാത്തതിനാല്‍  പ്രാണഭയത്തോടെയാണ് റോഡ് കുറുകെ കടക്കുന്നത് .


ഗവ.എല്‍.പി സ്കൂളിന് മുന്‍പിലുണ്ടായിരുന്ന വരകളും മാഞ്ഞ നിലയിലാണ്. ഈ വര്‍ഷം സ്കൂള്‍ തുറന്ന സമയത്തും സീബ്രാലൈനുകള്‍ വരയ്ക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 10ന് ഈ ഭാഗത്തുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന്‍ മരണപ്പെട്ടിരുന്നു.