തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്പോൾ നൽകേണ്ട മുദ്രപേപ്പറുകൾക്കും കോർട്ട് ഫീ, റവന്യു സ്റ്റാന്പുകൾക്കും പാലായില്‍ കടുത്ത ക്ഷാമം. മുനിസിപ്പാലിറ്റിയിലേക്കും പഞ്ചായത്തുകളിലേക്കും റവന്യു- താലൂക്ക്, മരാമത്ത് തുടങ്ങിയ സർക്കാർ വകുപ്പുകളിലേക്കുമുള്ള അപേക്ഷകൾക്ക് സ്റ്റാന്പുകളും മുദ്രപത്രങ്ങളും നിർബന്ധമാണ്. എന്നാൽ രണ്ടാഴ്ചയിലേറെയായി പാലായിലോ സമീപ പഞ്ചായത്തുകളിലോ മുദ്രപത്രങ്ങളും സ്റ്റാന്പുകളും കിട്ടാക്കനിയാണ്.
വിവിധ അപേക്ഷകളും ആനുകൂല്യങ്ങളും വാങ്ങുന്നതിന് ഇവ നിർബന്ധമാണെന്നിരിക്കെ ലഭ്യതക്കുറവ് ആവശ്യക്കാരെ വലയ്ക്കുകയാണ്. ലൈഫ് ഭവനപദ്ധതി, വിവിധ കരാറുകൾ എന്നിവയ്ക്ക് അപേക്ഷ നൽകാൻ സ്റ്റാന്പുകളും മറ്റും ലഭിക്കാനില്ലാതെ അർഹരായവർ ദിവസങ്ങളായി വ്യാപാരസ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ്. അപേക്ഷ പോലും നൽകാനാവാതെ പലരും നിരാശരായി മടങ്ങുന്ന അവസ്ഥയാണ്. അപേക്ഷകൾ സ്വീകരിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും മുദ്രപേപ്പറും സ്റ്റാന്പും വേണമെന്നിരിക്കെ അധികൃതരെ വിവരമറിയിച്ചെങ്കിലും കൈമലർത്തുകയാണ്.
വെള്ളപ്പൊക്ക ദുരിതാശ്വാസം വാങ്ങാനെത്തുന്നവർക്കും സ്റ്റാന്പുകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വാടകവീടുകൾ കൈമാറ്റം ചെയ്യുന്നതിന് കരാറുകൾ തയാറാക്കാൻ മുദ്രപേപ്പറുകൾ ആവശ്യമുണ്ട്. രണ്ടാഴ്ചയിലേറെയായി ഇത്തരം പ്രവർത്തനങ്ങളൊക്കെ തടസപ്പെടുകയാണെന്നു നാട്ടുകാർ പറയുന്നു. വെണ്ടർമാരുടെ കൈവശവും 50, 100 രൂപ മൂല്യമുള്ള മുദ്രപത്രങ്ങൾ ഇല്ല. ട്രഷറികളിൽ നിന്നുള്ള വിതരണം നിലച്ചതാണ് ക്ഷാമത്തിന് ഇടയാക്കിയതെന്നു വ്യാപാരികൾ പറയുന്നു. ജനന-മരണ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ ലഭിക്കേണ്ടവർക്കാണ് ക്ഷാമം ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
വീഡിയോ കാണാം... Click Here



