Latest News
Loading...

കാട്ടറാത്ത് വര്‍ക്കിയച്ചന്റെ 88-ാം ചരമവാര്‍ഷികം വ്യാഴാഴ്ച



വിന്‍സെന്‍ഷ്യന്‍ സന്യാസ സഭാസമൂഹത്തിന്റെ സ്ഥാപകനായ പുണ്യശ്ലോകനായ കാട്ടറാത്ത് വര്‍ക്കി അച്ചന്റെ 88-ാം ചരമവാര്‍ഷിക ദിനാചരണം വ്യാഴാഴ്ച നടക്കും. വൈക്കം തോട്ടകം ഗ്രിഗോറിയോസ് ദേവാലയത്തിലാണ് ചടങ്ങുകള്‍. പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേതൃത്വം നല്‍കും. തുടര്‍ന്ന് വര്‍ക്കിയച്ചന്റെ കുഴിമാടത്തില്‍ നാമകരണ പ്രാര്‍ത്ഥനയും നേര്‍ച്ചവിതരണവും നടക്കും. 

പോപ്പുലര്‍ മിഷന്‍ ധ്യാനത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും പോട്ട, ഡിവൈന്‍ തുടങ്ങിയ ധ്യാനകേന്ദ്രങ്ങളിലൂടെയും കേരളത്തിലെന്നു മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും ആത്മീയ ഉണര്‍വും ക്രിസ്തീയ ദിശാബോധവും നല്‍കിപ്പോരുന്ന വിന്‍സെന്‍ഷ്യന്‍ സന്യാസ സഭാസമൂഹത്തിന്റെ സ്ഥാപകനാണ് പുണ്യശ്ലോകനായ കാട്ടറാത്ത് വര്‍ക്കി അച്ചന്‍.

കര്‍മത്തില്‍ ഇടവക വൈദികനും ഹൃദയത്തില്‍ സന്യാസിയുമായി ജീവിച്ച വര്‍ക്കിയച്ചന്‍ വനവാസിയായ താപവര്യന്‍ എന്നാണറിയപ്പെട്ടിരുന്നത്. നാനാജാതി മതസ്ഥര്‍ക്കും പ്രിയങ്കരനായിരുന്ന ആ പുണ്യാത്മാവ് വൈക്കംതോട്ടകം നിവാസികളുടെ കാരണവന്‍ സ്ഥാനീയനായ വല്യച്ചന്‍ കൂടിയായിരുന്നു.

പൂഞ്ഞാര്‍ കാട്ടറാത്ത് ഉതുപ്പ്  ചാണ്ടിയുടെയും ത്രേസ്യാമ്മയുടെയും മകനായി 1851 ഒക്‌ടോബര്‍ 13നാണ് വര്‍ക്കിയച്ചന്‍ ജനിച്ചത്. ഫാ.ചാണ്ടി കാട്ടറാത്ത് ഉള്‍പ്പെടെ മൂന്നു സഹോദരന്‍മാരും  ഒരു സഹോദരിയുമാണ്  അദ്ദേഹത്തിനുണ്ടായിരുന്നത്. ആശാന്‍ കളരി പഠനത്തിനുശേഷം അദ്ദേഹം മുത്തോലി സ്‌കൂളില്‍  പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതായിട്ടാണ് അനുമാനം.

13 വര്‍ഷക്കാലം അദ്ദേഹം വൈക്കം ഇടവക വികാരി ആയിരുന്നു. സാമൂഹ്യക്ഷേമത്തില്‍ അധിഷ്ഠിതമായ ജനാഭിവൃദ്ധി, വിശ്വാസതീഷ്ണത, ഭക്ത്യാഭിവൃദ്ധി എന്നിവയ്ക്കായി അശ്രാന്ത പരിശ്രമം നടത്തിയ അച്ചനെ തങ്ങളുടെ സ്ഥിരം വികാരിയായി നിയമിക്കുന്നതിനുവേണ്ടി വൈക്കം ഇടവകാംഗങ്ങള്‍ 1899ല്‍ ളൂയീസ് പഴേപ്പറമ്പിലിനു മംഗളപത്രം സമര്‍പ്പിക്കുകയുണ്ടായി. 1907ല്‍ താന്‍ തോട്ടകത്തു സ്ഥാപിച്ച സന്യാസ സമൂഹത്തില്‍  മറ്റംഗങ്ങളോടൊപ്പം താമസം മാറിപ്പോന്നശേഷം, വൈക്കം ഇടവകയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍  കാട്ടറാത്ത് വര്‍ക്കിയച്ചനെ  വീണ്ടും വികാരിയായി  നിയമിക്കണമെന്ന അപേക്ഷ ഇടവകക്കാര്‍ മെത്രാനച്ചനു മുന്‍പില്‍ വച്ചു. വൈക്കത്ത്  അദ്ദേഹം സ്ഥാപിച്ചതാണു  സെന്റ് ളൂയിസ് സ്‌കൂള്‍.

1904ല്‍ ഇടവക സേവനം  നടത്തിവരവേതന്നെയാണ് സന്യാസിയാകണമെന്ന തന്റെ ആഗ്രഹം മെത്രാന്‍ മാര്‍ ളൂയിസ് പഴേപറമ്പിലിനെ അറിയിക്കുന്നത്. തോട്ടകത്തു ദാനമായി കിട്ടിയ  സ്ഥലത്തു കപ്പേളയുടെയും താല്കാലിക ആശ്രമത്തിന്റെയും ആശീര്‍വാദകര്‍മം 1904 നവംബര്‍ 20ന് മാര്‍ ളൂയിസ് മെത്രാന്‍ നിര്‍വഹിച്ചു. അങ്ങനെ കാട്ടറാത്തു വര്‍ക്കിയച്ചന്‍ സഹപ്രവര്‍ത്തകരായ മറ്റു മൂന്നു വൈദികരോടൊപ്പം വിശുദ്ധ വിന്‍സെന്റ് ഡി പോള്‍  സ്ഥാപിച്ച വിശ്വവ്യാപകമായ  സഭയുടെ മാതൃകയില്‍, സുറിയാനി സഭയില്‍ വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് ആരംഭം കുറിച്ചു. വികാരി സ്ഥാനത്തു നിന്നു വിരമിച്ച് 1907 സെപ്റ്റംബര്‍ 20ന് അദ്ദേഹവും അവിടെ സമൂഹജീവിതം ആരംഭിച്ചു. 1909ല്‍ ആശ്രമത്തിന്റെ പണിപൂര്‍ത്തിയാക്കിയതോടെ വര്‍ക്കിയച്ചനും മറ്റു വൈദികരും താല്കാലിക ആശ്രമത്തില്‍ നിന്ന് അവിടേയ്ക്കു താമസം മാറ്റി.

കറകളഞ്ഞ യോഗിജീവിതത്തില്‍  മാതൃകകൊണ്ടു ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ  ഒരു അത്ഭുതപ്രവര്‍ത്തകനായാണു ജനങ്ങള്‍ വര്‍ക്കിയച്ചനെ കണ്ടിരുന്നത്. അദ്ദേഹം തന്റെ തപോമനസാല്‍ പ്രാര്‍ത്ഥിച്ചാല്‍ ഏതു കാര്യവും സാധ്യമാകുമെന്നു ജനങ്ങള്‍ വിശ്വസിച്ചു. അതിനാല്‍ത്തന്നെ നാനാജാതി മതസ്ഥര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനാസഹായം തേടുകയും ചെയ്തിരുന്നു. 1916ല്‍ ആരാധനാ സഭയുടെ ചമ്പക്കുളം ഭവനത്തിന്റെ ചാപ്ലൈനായും 1923ല്‍ ആരാധനാ സഭയുടെ പൊതുശ്രേഷ്ഠനായും  ചങ്ങനാശേരി മെത്രാന്‍ മാര്‍ തോമസ് കുര്യാളശേരി അദ്ദേഹത്തെ നിയമിച്ചു.

1927ല്‍ വിന്‍സെന്‍ഷ്യന്‍ സഭ വീണ്ടും പുനരുദ്ധരിക്കപ്പെട്ടു.  വിശ്വാസതീഷ്ണതയുണ്ടാക്കിയിരുന്ന യുവാക്കളായ ജോര്‍ജ്ജ് മണ്ണാറയച്ചന്‍, ആന്റണി പവ്വത്തിലച്ചന്‍, ജോര്‍ജ്ജ് വട്ടംകണ്ടത്തിലച്ചന്‍ എന്നിവരാണിതിനു മുന്‍ കൈയെടുത്തത്. അവരുടെ ക്ഷണം സ്വീകരിച്ച് 76ാം വയസിലെ വാര്‍ധക്യ അസ്വസ്ഥതകള്‍ മറന്ന്  1927 ഒക്‌ടോബര്‍ 27ന്  താന്‍ വിത്തുപാകിയ തോട്ടകത്തെ ആശ്രമ മണ്ണിലേയ്ക്ക്  വര്‍ക്കിയച്ചന്‍ തിരിച്ചെത്തി. എറണാകുളം മെത്രാപ്പോലീത്ത മാര്‍ അഗസ്തീനോസ് കണ്ടടത്തിലിന്റെ അനുവാദപ്രകാരം 1929 ജൂലൈ 21ന് പ്രഥമ വ്രതവാഗ്ദാനവും പ്രത്യേകാനുമതിപ്രകാരം 1931 ജൂലൈ 19ന്  നിത്യവ്രതവാഗ്ദാനവും നടത്തി വിന്‍സെന്‍ഷന്‍ സഭയുടെ പ്രഥമ അംഗമായി.

നിത്യവ്രതവാഗ്ദാനം  കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം 1931 ഒക്‌ടോബര്‍ 24ന് അദ്ദേഹം അന്തരിച്ചു. എറണാകുളം മെത്രാപ്പോലീത്ത മാര്‍ ആഗസ്തീനോസിന്റെയും ചങ്ങനാശേരി മെത്രാന്‍ മാര്‍ ജയിംസ് കാളാശേരിയുടെയും കാര്‍മികത്വത്തിലായിരുന്നു മൃതസംസ്‌കാര ശുശ്രൂഷ.  ക്രാന്തദര്‍ശിയും താപസ്യവര്യനുമായിരുന്ന  ആ പുണ്യചരിതന്റെ ഭൗതിക ശരീരം  തോട്ടകം ആശ്രമദേവാലയത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.