ലോക വൃദ്ധദിനമായ ഇന്ന് പാലാ നഗരത്തിലൊരു വ്യാപാരിയുണ്ട്. എൺപതാം വയസ്സിലും മുപ്പതിന്റെ ചുറുചുറുക്കുള്ള റോസക്കുട്ടി. പാലാ കുരിശുപള്ളിയുടെ എതിർവശത്തുള്ള വൻ വ്യാപാര സ്ഥാപനങ്ങളുടെ
വശത്ത് പഴയ ഫ്ളക്സ് ബോർഡുകൾ കൊണ്ട് മേൽക്കൂരയായ ഒരു കട കാണാം.പാലാ നഗരസഭയിൽപ്പെട്ട ഒന്നാം വാർഡിലെ പരുമല കോളനിയിലെ താമസക്കാരിയായ കൊച്ചുപറമ്പിൽ എൺപതു വയസ്സുകാരിയായ റോസക്കുട്ടിയുടെ കടയാണിത്.
15ാം വയസ്സിൽ കുടുംബത്തിനു വേണ്ടി മണൽ വാരലും, ലോറിയിലെ കല്ലുകയറ്റലും കോൺക്രീറ്റു പണിക്കിടയിലെ സഹായിയായുമെല്ലാം റോസക്കുട്ടി പോയിട്ടുണ്ട്. റോസക്കുട്ടിക്ക് 4 പെൺമക്കളും ഒരാണുമാണ് മക്കളായി ജനിച്ചത്. ഭർത്താവ് മുൻപേ മരണപ്പെട്ട റോസക്കുട്ടി ജീവിതത്തിലെ ഭൂരിഭാഗവും ജീവിച്ചത് മക്കൾക്കു വേണ്ടിയായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും മക്കളുടെ മുഖമായിരുന്നു റോസക്കുട്ടിയുടെ മനസ്സിൽ. 4 പെൺമക്കളേയും സുമംഗലികളാക്കിയപ്പോഴേക്കും റോസക്കുട്ടിയുടെ ആരോഗ്യം ക്ഷയിച്ചു.
പ്രായത്തിന്റെ അവശതകളും കാലിലെ ചെറിയ ഒരു ഓപ്പറേഷനും കഴിഞ്ഞതോടെ ദേഹമനങ്ങി പണി ചെയ്യാനാവാത്ത അവസ്ഥ. അഞ്ചു വർഷം മുൻപ് പാലാ നഗരത്തിൽ കുരിശുപള്ളിക്കവലയിൽ റോസക്കുട്ടിയുടെ ദുരിതകഥ അറിഞ്ഞ നഗരത്തിലെ പ്രമുഖൻ ഒരു ഇരിപ്പിടം കൊടുത്തു. സിഗരറ്റും, ബീഡിയും, മുറുക്കാനുമൊക്കെയായി വ്യാപാരം തുടങ്ങിയ റോസക്കുട്ടി ഇപ്പോൾ മകനോടൊപ്പമാണ് താമസം. വാർദ്ധക്യ
കാലത്തും തന്റെ ദിവസച്ചിലവിനുള്ള തുക റോസക്കുട്ടിയുടെ ഈ കൊച്ചു കടയിൽ നിന്ന് ലഭിക്കുന്നുണ്ട്.
ആശങ്കകളും ആകുലതുകളുമായി വാർദ്ധക്യത്തെ സമീപിക്കുന്നവർക്ക് മുൻപിൽ പ്രതീക്ഷയുടെ തിരിനാളമാണ് റോസക്കുട്ടി.
വീഡിയോ കാണാം... Click Here




