Latest News
Loading...

ദിനേശ് മേനോന്‍ മാപ്പ്പറഞ്ഞില്ലെങ്കില്‍ മാണി.സി.കാപ്പന്‍ വക 5 കോടിയുടെ മാനനഷ്ടക്കേസ്



മാണി സി കാപ്പനെതിരായി സാന്പത്തിക ആരോപണങ്ങളുന്നയിച്ച മുംബൈ വ്യവസായി ദിനേശ് മേനോനെതിരെ മാണി.സി.കാപ്പന്‍ 5 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കി നോട്ടീസയച്ചു. കൊച്ചിയിലെ അഭിഭാഷകന്‍ മുഖേനയാണ് ദിനേശ് മേനോന് നോട്ടീസ് അയച്ചിരിക്കുന്നത്. താന്‍ സ്വകാര്യ ആവശ്യത്തിനായി എടുത്ത വായ്പയ്ക്ക് രാഷ്ട്രീയ മുഖം നല്‍കിയതായും മാണി സി കാപ്പന്‍ ആരോപിച്ചു. 



തന്നെ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുകയാണുണ്ടായത്. നോട്ടീസ് ലഭിച്ച് 3 ദിവസത്തിനകം മാധ്യമങ്ങളിലൂടെ ആക്ഷേപങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപ്രകാരം ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അഭിഭാഷകന്‍ മുഖേന അയച്ച കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മാണി.സി.കാപ്പന്‍ പുറത്തിറക്കിയ പ്രസ്താവന ചുവടെ. 



"...പ്രിയ സുഹൃത്തുക്കളെ, ആരോപണങ്ങളും പ്രത്യാരോപണങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് സാധാരണം ആണ്. എന്നെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള കുപ്രചാരണങ്ങളോടു പോലും ക്ഷമിക്കുവാൻ ആണ് ശീലിച്ചിട്ടുള്ളത്. പക്ഷെ, ചില അടിസ്ഥാനരഹിത ആരോപണങ്ങൾ സകല അതിർവരമ്പുകളും ഭേദിച്ചു രാഷ്ട്രീയ ആയുധമാക്കുകയും ഏറെ ബഹുമാന്യരായ വ്യക്തികളുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ അതിനെ നിയമം കൊണ്ടു നേരിടുവാൻ ഞാൻ നിർബന്ധിതനാവുകയാണ്.

എന്റെ സ്വകാര്യ ആവശ്യത്തിനായി പണം വായ്പ എടുത്തതിനെ തുടർന്നുണ്ടായ നിയമ പ്രശ്നങ്ങൾക്ക് ഒരിക്കലും ഒരു രാഷ്ട്രീയ മുഖം ഉണ്ടായിട്ടില്ല. എന്റെ ഇക്കാലമത്രയും ഉള്ള കളങ്കരഹിത സാമൂഹിക രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കുവാനും മറ്റ് ബഹുമാന്യരായ വ്യക്തികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തേജോവധം ചെയ്യുന്നതിനും ഉള്ള ഈ ശ്രമത്തിന്‌ പിന്നിലെ നിഗൂഢത സംശയാസ്പദമാണ്. ഈ അവസരത്തിൽ എന്റെ സുഹൃത്ത് ഷിബു ബേബി ജോണിനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങിയത് ഈ വിഷയത്തിന്റെ വ്യാപ്തി വ്യക്‌തമാക്കുകയാണ്. ഈ അടിസ്‌ഥാനരഹിത ആരോപണങ്ങൾ ജനമനസ്സുകളിൽ ഉണ്ടാക്കിയ തെറ്റിദ്ധാരണകൾക്ക് പകരമാവില്ല എങ്കിലും ഇതിന്മേൽ 5 കോടി രൂപയുടെ മാനനഷ്ടത്തിന് ഞാൻ വക്കീൽ നോട്ടീസ് അയക്കുകയാണ്. ജനാധിപത്യത്തിലെ പൗരാവകാശങ്ങളെ ദുർവിനിയോഗം ചെയ്യുന്ന ഇത്തരം പ്രവർത്തികളിന്മേൽ  മാതൃകാപരമായ ഒരു തിരിച്ചടി ആകട്ടെ ഈ നീക്കം..."