കോരിച്ചൊരിയുന്ന മഴയത്തും ആവേശമുണര്‍ത്തിയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ പാലാ മുനിസിപ്പാലിറ്റിയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാക്കിയത്. ഇടവിട്ടു പെയ്യുന്ന മഴയിലും ചോരാത്ത ആവേശവുമായി എല്ലാ മേഖലകളിലും ഗംഭീര സ്വീകരണമാണ് മാണി സി കാപ്പന് ലഭിക്കുന്നത്. പാലായില്‍ മാറ്റത്തിന്റെ സൂചന നല്‍കി യുവജനങ്ങളും സ്ത്രീകളും പിന്തുണയുമായി പര്യടന വേദികളില്‍ എത്തുന്നുണ്ട്.
സ്ഥാനാര്‍ത്ഥിയുടെ വരവറിയിച്ചു കൊണ്ട് മിമിക്രി കലാകാരന്മാരുടെയും കലാപരിപാടികളും നേതാക്കളുടെ പ്രസംഗങ്ങളും അരമണിക്കൂര്‍ മുമ്പേ പര്യടന പോയിന്റുകളില്‍ എത്തുന്നുണ്ട്.
രാവിലെ ചേര്‍പ്പുങ്കല്‍ പള്ളിക്കവലയില്‍ നിന്നുമാണ് പര്യടനത്തിന് തുടക്കമായത്. നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ. ജോര്‍ജ്, പി എം ജോസഫ്, ടി ആര്‍ മധുസൂദനന്‍, സണ്ണി ഡേവിഡ്, സിബി തോട്ടുപുറം തുടങ്ങിയവരൊക്കെ സന്നിഹിതരായിട്ടുണ്ട്. തിരുവമ്പാടി എം എല്‍ എ ജോര്‍ജ് തോമസ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. അപ്പോഴേയ്ക്കും സ്ഥാനാര്‍ത്ഥി എത്തിച്ചേര്‍ന്നു. ഏതാനും വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു അടുത്ത പോയിന്റിലേയ്ക്ക് സ്ഥാനാര്‍ത്ഥിേയേയും വഹിച്ചുകൊണ്ടുള്ള തുറന്ന വാഹനം നീങ്ങി.
കൊഴുവനാല്‍ പഞ്ചായത്തിലെ അറയ്ക്കല്‍കോളനി, മനക്കുന്ന്, പന്നിയാമറ്റം, മേവിട കവല തുടങ്ങിയ ഇടങ്ങളിലെല്ലാം ഉജ്ജ്വല സ്വീകരണമാണ് കാപ്പനു ലഭിച്ചത്. തെക്കേമുത്തോലിയില്‍ ആരംഭിച്ച മുത്തോലി പഞ്ചായത്തിലെ പര്യടനം മുത്തോലിക്കവലയില്‍ എത്തിയപ്പോള്‍ എന്‍ സി പി ബ്ലോക്ക് സെക്രട്ടറി സന്തോഷ് തോപ്പിലിന്റെ നേതൃത്വത്തില്‍ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് അടയാളമായ ക്ലോക്കിന്റെ രൂപത്തില്‍ കേക്ക് തയ്യാറാക്കി വച്ചിരിക്കുന്നു. മാണി സി കാപ്പന്‍ കേക്കുമുറിച്ചു സി പി എം ഏരിയ സെക്രട്ടറി പി എം ജോസഫിനു സമ്മാനിച്ചു. മലവേടന്‍ സമുദായാംഗമായ ബിജു കെ സി പാളത്തൊപ്പിയുമണിഞ്ഞെത്തി തെരഞ്ഞെടുപ്പ് പോരാട്ടത്തിലുള്ള മാണി സി കാപ്പനു അമ്പും വില്ലും സമ്മാനിച്ചു.
കുമ്പാനി, കടപ്പാടൂര്‍, പടിഞ്ഞാറ്റിന്‍കര, പാളയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പര്യടനം നടത്തിയ ശേഷം പാലാ മുനിസിപ്പാലിറ്റിയിലെ പര്യടനം ഊരാശാലയില്‍ ആരംഭിച്ചു. കുളങ്ങര, വെള്ളാപ്പാട്, തെക്കേക്കര, ചെത്തിമറ്റം, കൊച്ചിടപ്പാടി, കവീക്കുന്ന്, മുണ്ടാങ്കല്‍ എന്നിവിടങ്ങളിലെല്ലാം പര്യടനം നടത്തിയശേഷം വെള്ളഞ്ചൂരില്‍ പര്യടനം സമാപിച്ചു.


