പി.സി ജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ വോട്ടു ചോദിച്ചെത്തിയവർ കടയിൽ അതിക്രമം കാട്ടിയതായി പരാതി. മൂന്നിലവ് പഞ്ചായത്ത് എട്ടാം വാർഡിൽ താമസക്കാരനായ സിബി ജോൺ ഇത് സംബന്ധിച്ച് മേലുകാവ് പോലീസിൽ പരാതി നൽകി.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. എംഎൽഎയും പ്രവർത്തകരുമാണ് വോട്ട് ചോദിച്ച് കടയിലെത്തിയത്. സംസാരിക്കുന്നതിനെ ഒപ്പമെത്തിയ കയ്യേറ്റം ചെയ്തുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതി. കടയിലെ മിഠായി ഭരണികൾ നിലത്തെറിഞ്ഞെന്നും മിഠായികൾ വലിച്ചെറിഞ്ഞെന്നും പരാതിയിലുണ്ട്.
പോൾ കുന്നേൽ, ഇളംതുരുത്തിയിൽ ജോസ്, സുഭാഷ് കുറിഞ്ഞിപ്ലാവ് എന്നിവരാണ് ആക്രമിച്ചതെന്ന് സിബി പറയുന്നു. അലമാരയുടെ ചില്ലകൾ തകർത്തെന്നും പോലീസിന് നല്കിയ പരാതിയിലുണ്ട്. നടപടി ആവശ്യപെട്ട് മേലുകാവ് എസ്.ഐയ്ക്ക് സാബു പരാതി നല്കി.
സംഭവത്തിൽ യു.ഡി.എഫ് പ്രതിഷേധം രേഖപ്പെടുത്തി. ജോസ് കെ.മാണി എം.പി. എൻ.കെ പ്രേമചന്ദ്രൻ, ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കളും സംഭവ സ്ഥലം സന്ദർശിച്ചു.




