ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടത്തിനെ പാർട്ടി ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തന രംഗത്ത് വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം. ജില്ലാ പ്രസിഡന്റും ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ എൻ. ഹരിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.എന്നാൽ താൻ സെപ്തംബർ ഒമ്പതിന് ബിജെപിയിൽനിന്ന് രാജിവെച്ചിരുന്നുവെന്നാണ് ബിനു പുളിക്കക്കണ്ടം വിശദീകരിക്കുന്നത്. പാർട്ടി പ്രതീക്ഷിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമുള്ളതിനാലാണ് രാജിവെക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിനു പുളിക്കക്കണ്ടം പറയുന്നു.
ഉപതെരഞ്ഞെടുപ്പിൽ ഹരിയ്ക്കൊപ്പം ബിനു, ജയസൂര്യൻ എന്നിവരുടെ പേരുകളാണ് ഉയർന്നിരുന്നത്. ഹരിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ ചില തുടർ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബിനുവിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇലക്ഷൻ പ്രവർത്തനത്തിലെ വീഴ്ച കണക്കിലെടുത്താണ് നടപടി എന്നാണ് വിവരം. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ബി ജെ പി പാലാ നിയോജകമണ്ഡലം പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഗുരുതരവീഴ്ച വരുത്തിയതിനാണ് പാലാ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിനു പുളിക്കക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്‍റ് എൻ.ഹരി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലാ ബി ജെ പിയിലെ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമായിരിക്കുകയാണ്.
അതേ സമയം, അഡ്വ. ബിനു പാർട്ടി വിടാൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സൂചനകൾ ലഭിച്ചിരുന്നു. അടുത്ത ദിവസം രാജി വയ്ക്കാനുള്ള നീക്കത്തിനിടെയാണ് സസ്പെൻഷൻ നടപടി. പാലാ നഗരസഭയിലെ ഏക ബിജെപി കൗൺസിലറാണ് ബിനു.



