Latest News
Loading...

ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടുന്നത് പതിവാകുന്നു



വ്യാപാര സ്ഥാപനങ്ങളിൽ ഉടമസ്ഥരില്ലാത്ത സമയത്ത് പരിചയഭാവം നടിച്ച് പണം തട്ടുന്നത് പതിവാകുന്നു. അരുവിത്തുറ കോളജ് റോഡിൽ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ഒരു മാസത്തിനിടെ പണം തട്ടിയത്. വെള്ളിയാഴ്ച ഉച്ചയോടെ കോളേജ് റോഡിൽ പ്രവർത്തിക്കുന്ന തടിക്കൽ ഫ്‌ലവർ മില്ലിൽ നിന്ന് ജീവനക്കാരെ കബളിപ്പിച്ച് 3500 രൂപ തട്ടിയെടുത്തതാണ് അവസാനത്തേത്. കടയുടമ സുനീഷ് തോമസ് കടയിലില്ലാത്ത സമയം നോക്കി കടയിലെത്തിയ യുവാവ് ഉടമയെ ഫോണിൽ വിളിക്കുന്നതായി ഭാവിച്ച് ജീവനക്കാരെ വിശ്വാസത്തിലെടുത്തു. തുടർന്ന് കടയിലുണ്ടായിരുന്ന പണം വാങ്ങിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. ഒരു മാസം മുൻപ് കോളേജ് റോഡിലെ മറ്റൊരു കടയിൽ നിന്നും സമാനരീതിയിൽ 2500 രൂപ തട്ടിയെടുത്തിരുന്നു. മറ്റൊരു കടയിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചെങ്കിലും ജീവനക്കാരി ഉടമയെ ഫോണിൽ വിളിക്കാൻ തുടങ്ങിയതോടെ യുവാവായ തട്ടിപ്പുവീരൻ സ്ഥലം വിട്ടു. മാന്യമായി വസ്ത്രം ധരിച്ച് ഇരുചക്ര വാഹനത്തിലെത്തുന്ന യുവാവ് ജീവനക്കാർക്ക് യാതൊരു സംശയവും ഉണ്ടാകാത്ത രീതിയിലാണ് ഇടപെടുന്നത്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. നഷ്ടപ്പെടുന്ന തുക ചെറുതായതിനാൽ പലരും പരാതികളുമായി പോകാറില്ല. ഇതും കൂടുതൽ തട്ടിപ്പു നടത്താൻ ഇയാൾക്ക് സഹായമായി.  ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.